2.7 സെക്കൻഡിൽ 100 കി.മീ വേഗത! ഇലക്ട്രിക് വിപണി പിടിക്കാൻ 'ഡെൻസ ഇസഡ്9 ജിടി' എത്തുന്നു
ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണി ലക്ഷ്യമിട്ട് ചൈനീസ് വാഹന നിർമാതാക്കളായ ബിവൈഡിയുടെ (BYD) പ്രീമിയം ബ്രാൻഡായ 'ഡെൻസ' (Denza) അരങ്ങേറ്റത്തിനൊരുങ്ങുന്നു. 2026 അവസാനത്തോടെ ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഡെൻസ നിരയിലെ പ്രധാന ആകർഷണം 'ഇസഡ്9 ജിടി' (Z9 GT) എന്ന പെർഫോമൻസ് മോഡലായിരിക്കും. ഏകദേശം 1,140 ബിഎച്ച്പി കരുത്തുള്ള ഈ ആഡംബര ഇലക്ട്രിക് സ്പോർട്സ് കാർ പൂർണമായി നിർമിച്ച യൂണിറ്റായി (CBU) ആയിരിക്കും രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുക. 1.2 കോടി മുതൽ 1.5 കോടി രൂപ വരെയാണ് വാഹനത്തിന് പ്രതീക്ഷിക്കുന്ന എക്സ്-ഷോറൂം വില.
മൂന്ന് ഇലക്ട്രിക് മോട്ടോറുകൾ ഉൾപ്പെടുത്തിയ കരുത്തുറ്റ പവർട്രെയിനാണ് ഇസഡ്9 ജിടിയുടെ പ്രധാന സവിശേഷത. മുൻ ചക്രങ്ങൾക്ക് ഒന്നും പിൻ ചക്രങ്ങൾക്ക് രണ്ടും മോട്ടോറുകൾ കരുത്ത് പകരുന്നു. ഇവയൊന്നിച്ചു ചേർന്ന് 850 കിലോവാട്ട് (1,140 bhp) കരുത്തും 1,210 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. ഏകദേശം 2.9 ടൺ ഭാരമുണ്ടെങ്കിലും പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിന് വെറും 2.7 സെക്കൻഡ് മാത്രം മതിയാകും. മണിക്കൂറിൽ 270 കിലോമീറ്ററാണ് ഇതിന്റെ പരമാവധി വേഗത.
122.5 കിലോവാട്ട്‌അവർ ശേഷിയുള്ള രണ്ടാം തലമുറ ബ്ലേഡ് ബാറ്ററിയാണ് കാറിൽ നൽകിയിരിക്കുന്നത്. ഒറ്റ ചാർജിൽ 600 കിലോമീറ്റർ റേഞ്ച് (WLTP) നൽകുന്ന ഈ വാഹനം ബിവൈഡിയുടെ സെൽ-ടു-ബോഡി സാങ്കേതികവിദ്യയിലാണ് നിർമിച്ചിരിക്കുന്നത്. അൾട്രാ ഫാസ്റ്റ് ചാർജിംഗ് സൗകര്യമുള്ളതിനാൽ അനുയോജ്യമായ ചാർജർ ഉപയോഗിച്ചാൽ 10 ശതമാനത്തിൽ നിന്ന് 70 ശതമാനം വരെ ചാർജ് ചെയ്യാൻ 5 മിനിറ്റും, 97 ശതമാനം വരെ എത്തുവാൻ 9 മിനിറ്റും മതിയാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
5,180 എംഎം നീളമുള്ള ഈ വാഹനത്തിൽ എയർ സസ്പെൻഷൻ, വശങ്ങളിലേക്ക് നീങ്ങാൻ സഹായിക്കുന്ന 'ക്രാബ്-വാക്ക്' സംവിധാനം, റിയർ-വീൽ സ്റ്റിയറിംഗ് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിജിറ്റൽ സ്ക്രീനുകൾ നിറഞ്ഞ അഞ്ച് സ്ക്രീൻ ക്യാബിൻ, ക്യാമറ മിററുകൾ, വെന്റിലേറ്റഡ് മസാജ് സീറ്റുകൾ തുടങ്ങി നിരവധി ഹൈടെക് ഫീച്ചറുകളും ഇതിലുണ്ട്. അറ്റോ 3, സീൽ തുടങ്ങിയ നിലവിലെ ബിവൈഡി മോഡലുകളേക്കാൾ ഉയർന്ന പ്രീമിയം വിഭാഗത്തിലാണ് ഡെൻസ എത്തുന്നത്. ഡെൻസ ഇസഡ്9 ജിടിയോടൊപ്പം ഡെൻസ ഡി9 എംപിവിയും ഇന്ത്യയിലെത്തിയേക്കും. പ്രധാന മെട്രോ നഗരങ്ങളിൽ ഇതിനായി പ്രത്യേക ഔട്ട്‌ലെറ്റുകൾ തുറക്കാനും കമ്പനി പദ്ധതിയിടുന്നു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.