പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐക്ക് വേണമെന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. ഇക്കാര്യത്തിൽ സിപിഎം നിരത്തുന്നത് കേവലം സാങ്കേതിക കാരണങ്ങൾ മാത്രമാണെന്നും മാറേണ്ട ചില കീഴ്‌വഴക്കങ്ങൾ മാറണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാനുള്ള അധികാരം സിപിഎമ്മിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിൽ വ്യക്തിപൂജ കടന്നുകൂടുന്നത് വലിയ പിഴവാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വ്യക്തിപൂജ തിരിച്ചടിയാകുമെന്നത് ലോക ചരിത്രം പഠിപ്പിക്കുന്ന പാഠമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. ആശ സമരത്തിൽ തൊഴിലാളികളെ അധിക്ഷേപിച്ച നടപടിയെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. തൊഴിലാളി സമരങ്ങളെ തള്ളിപ്പറയുന്നത് കമ്മ്യൂണിസ്റ്റ് പാരമ്പര്യമല്ലെന്നും തിരഞ്ഞെടുപ്പ് പരാജയം ജനങ്ങൾ നൽകിയ ശക്തമായ മുന്നറിയിപ്പാണെന്നും തെറ്റുകൾ തിരുത്തി മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു.
സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നുള്ള മാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും അദ്ദേഹം മറുപടി നൽകി. താൻ മാറണമെന്ന് ഫേസ്ബുക്കിലൂടെ ചിലർ പറയുന്നത് കമ്മ്യൂണിസ്റ്റ് രീതിയല്ലെന്നും അത്തരം ആവശ്യം പാർട്ടിയിൽ ഉയർന്നിട്ടില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.