ശിലിഗുരി: ഭൂട്ടാനിലെ ലെംതാങ്ങിലുണ്ടായ മഞ്ഞുമല തടാക വിസ്‌ഫോടനത്തെ തുടർന്ന് വടക്കൻ ബംഗാളിലും അസമിലും അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. തടാകം കവിഞ്ഞൊഴുകിയ വെള്ളം മോ ചു നദി വഴി സംകോഷ് നദിയിലേക്ക് വൻതോതിൽ ഒഴുകിയെത്തിയതോടെയാണ് ദുരന്തനിവാരണ സേനയും ജില്ലാ ഭരണകൂടവും അടിയന്തര മുൻകരുതൽ നടപടികൾ ആരംഭിച്ചത്.
സംകോഷ് നദിയുടെയും ഉപനദികളുടെയും തീരങ്ങളിൽ താമസിക്കുന്നവരോട് ഉടൻ തന്നെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. ഡാർജീലിംഗ് മലനിരകൾ, തെരായി, ദൂവാർസ് മേഖലകളിലെ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഡാർജീലിംഗ് എം.പി രാജു ബിസ്ത മുന്നറിയിപ്പ് നൽകി. നിലവിൽ പ്രളയബാധിത പ്രദേശങ്ങളിൽ നിന്നായി അയ്യായിരത്തോളം ആളുകളെ സ്കൂളുകളിൽ സജ്ജമാക്കിയ അടിയന്തര ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കൂടാതെ ആറായിരത്തിലധികം പേരെ മറ്റ് സുരക്ഷിത മേഖലകളിലേക്ക് മാറ്റിയതായി അലിപുർദുവാർ എസ്.പി അമിത് കുമാർ ഷാ അറിയിച്ചു.
പ്രദേശത്ത് ദേശീയ ദുരന്തനിവാരണ സേന, സംസ്ഥാന ദുരന്തനിവാരണ സേന, സിവിൽ ഡിഫൻസ് ടീമുകൾ എന്നിവരെ സജ്ജമാക്കിയിട്ടുണ്ട്. സംകോഷ് നദീതടത്തിൽ 'റെഡ് അലർട്ട്' പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഭൂട്ടാൻ ഭരണകൂടവുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
ഭൂട്ടാനില്‍ ഹിമതടാകം പൊട്ടി; ബംഗാളിലും അസമിലും മിന്നല്‍ പ്രളയ മുന്നറിയിപ്പ്, ആയിരക്കണക്കിന് ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ