തെന്നിന്ത്യൻ താരം ആക്ഷൻ കിംഗ് അർജുൻ സർജയെ പ്രധാന കഥാപാത്രമാക്കി ഡോ. അനിൽ വിശ്വനാഥ് സംവിധാനം ചെയ്യുന്ന മിസ്റ്ററി ത്രില്ലർ ചിത്രം ‘പോളിമേര 3’യുടെ ഫസ്റ്റ് ലുക്ക് ഗ്ലിംപ്സ് പുറത്തിറങ്ങി. ചിത്രത്തിൽ അർജുൻ സർജ അവതരിപ്പിക്കുന്ന ‘വീരാവി’ എന്ന കഥാപാത്രത്തെയാണ് ഗ്ലിംപ്സിലൂടെ പരിചയപ്പെടുത്തിയിരിക്കുന്നത്. വംശി നന്ദിപതി എന്റർടെയ്ൻമെന്റ്സ്, ശ്രീ വെങ്കിടേശ്വര സിനിമാസ് എൽ.എൽ.പി. എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ തീയേറ്ററുകളിലെത്തും.
ക്ഷേത്ര പശ്ചാത്തലത്തിൽ ആത്മീയതയും അമാനുഷികതയും ദുരൂഹതയും നിറച്ചാണ് ഗ്ലിംപ്സ് ഒരുക്കിയിരിക്കുന്നത്. സത്യം രാജേഷ് അവതരിപ്പിക്കുന്ന കൊമരയ്യ എന്ന കഥാപാത്രത്തിന്റെ ആഭിചാരക്രിയകൾക്ക് പിന്നാലെ വീരയോദ്ധാവിന്റെ രൂപത്തിൽ വാളേന്തി നിൽക്കുന്ന അർജുൻ സർജയുടെ മാസ് എൻട്രി തന്നെയാണ് പ്രധാന ആകർഷണം. കാമാക്ഷി ഭാസ്കർല, ഗെറ്റപ്പ് ശ്രീനു, ബാലാദിത്യ, രാകേന്ദു മൗലി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ഒ.ടി.ടി.യിൽ തരംഗമായ ‘മാ ഊരി പോളിമേര’, തീയേറ്ററുകളിൽ വമ്പൻ വിജയമായ ‘പോളിമേര 2’ എന്നിവയ്ക്ക് ശേഷമെത്തുന്ന മൂന്നാം ഭാഗം കൂടുതൽ വലിയ ക്യാൻവാസിലാണ് അണിയറപ്രവർത്തകർ ഒരുക്കുന്നത്. സിദ്ധാർഥ് ഛായാഗ്രഹണവും കൃഷ്ണ പ്രസാദ് സംഗീതസംവിധാനവും നിർവ്വഹിക്കുന്നു.
‘വീരാവി’യായി ആക്ഷൻ കിംഗ് അർജുൻ സർജ; ശ്രദ്ധ നേടി ‘പോളിമേര 3’ ഫസ്റ്റ് ലുക്ക് ഗ്ലിംപ്സ്