കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ നാളെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. വൈകിട്ട് 5 മണി മുതൽ വൈദ്യരങ്ങാടി–രാമനാട്ടുകര മുതൽ മലാപ്പറമ്പ് വരെയും മലാപ്പറമ്പ്–കുന്ദമംഗലം–മടവൂർ വരെയും വാഹനങ്ങൾക്ക് പൂർണ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു.
വി.വി.ഐ.പി യാത്ര നടക്കുന്ന സമയത്ത് ബന്ധപ്പെട്ട റൂട്ടുകളിൽ പൂർണമായും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. മലാപ്പറമ്പ് മുതൽ കുന്ദമംഗലം–മടവൂർ വരെയുള്ള റോഡുകളിൽ വാഹന പാർക്കിങ്ങിനും അനുമതിയുണ്ടാകില്ല.
വിവിധ ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്കുള്ള ബദൽ റൂട്ടുകൾ
വയനാട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ:
താമരശ്ശേരി – ബാലുശ്ശേരി – നന്മണ്ട – എരഞ്ഞിപ്പാലം വഴി കോഴിക്കോട് നഗരത്തിലേക്ക് പ്രവേശിക്കണം.
കൊടുവള്ളി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ:
പടനിലം – കളരിക്കണ്ടി – വരട്ട്യാക്ക് – പെരിങ്ങളം വഴി യാത്ര ചെയ്യണം.
മുക്കം ഭാഗത്തുനിന്നുള്ള വാഹനങ്ങൾ:
ചെത്തുകടവ് – പെരിങ്ങളം വഴി പോകണം.
കണ്ണൂർ ഭാഗത്തുനിന്നുള്ള വാഹനങ്ങൾ:
എലത്തൂർ – പാവങ്ങാട് – നടക്കാവ് വഴി കോഴിക്കോട് നഗരത്തിലേക്ക് പ്രവേശിക്കണം.
യൂണിവേഴ്സിറ്റി ഭാഗത്തുനിന്നുള്ള വാഹനങ്ങൾ:
ഇടിമൂഴിക്കൽ – രാമനാട്ടുകര – ഫറോക്ക് – ചെറുവണ്ണൂർ വഴി നഗരത്തിലേക്ക് പ്രവേശിക്കണം.
കോഴിക്കോട് ഭാഗത്തുനിന്ന് കുന്ദമംഗലത്തേക്ക്
കോഴിക്കോട് ഭാഗത്തുനിന്ന് കുന്ദമംഗലം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മെഡിക്കൽ കോളേജ് – മുണ്ടിക്കൽ താഴം – കോട്ടാംപറമ്പ – മനത്താനത്ത് റോഡ് വഴി യാത്ര ചെയ്യണം.
മലാപ്പറമ്പ് ഭാഗത്തുനിന്ന് കുന്ദമംഗലം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പൂളക്കടവ് – ഇരിങ്ങാടൻപള്ളി – മുണ്ടിക്കൽ താഴം – കോട്ടാംപറമ്പ – മനത്താനത്ത് റോഡ് വഴി പോകണമെന്നും നിർദേശമുണ്ട്.
ഗതാഗത നിയന്ത്രണം കണക്കിലെടുത്ത് വിമാനത്താവളത്തിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും പോകേണ്ട യാത്രക്കാർ നേരത്തെ യാത്ര തിരിക്കണമെന്ന് ട്രാഫിക് പൊലീസ് നിർദേശിച്ചു.
വി.വി.ഐ.പി. പാസിങ് സമയത്ത് റൂട്ടിൽ വാഹന ഗതാഗതം പൂർണമായും നിയന്ത്രിക്കും. അതിനാൽ യാത്രക്കാർ ബദൽ റൂട്ടുകൾ ഉപയോഗിക്കുകയും പൊലീസ് നിർദേശങ്ങളോട് സഹകരിക്കുകയും ചെയ്യണമെന്ന് അധികൃതർ അഭ്യർഥിച്ചു.