ഡൽഹി: കസ്റ്റഡിയിലിരിക്കെ മുത്തശ്ശി മരിച്ച വിവരം കൃത്യമായി അറിയിച്ചെന്ന ഡൽഹി പോലീസിന്റെ വാദങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സി.ജെ.പി. (CJP) സ്ഥാപകൻ അഭിജിത് ദീപ്കെ രംഗത്ത്. മരണവിവരമറിഞ്ഞ് ബന്ധുക്കളോട് സംസാരിക്കാൻ ഒരു മിനിറ്റ് ഫോൺ ചോദിച്ചിട്ടും പൊലീസ് തയാറായില്ലെന്ന് അദ്ദേഹം ഗുരുതര ആരോപണം ഉന്നയിച്ചു. പുലർച്ചെ മൂന്നരയ്ക്കാണ് അച്ഛനോട് സംസാരിക്കാൻ പോലും പൊലീസ് ഫോൺ തന്നതെന്നും, ഡൽഹി പോലീസിൽ നിന്ന് തനിക്ക് വലിയ മാനസികാഘാതമാണ് (ട്രോമ) ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. കസ്റ്റഡിയിലിരിക്കെ അഭിഭാഷകനെ ബന്ധപ്പെടാൻ പോലും അനുവാദം നൽകിയില്ലെന്നും ദീപ്കെ വെളിപ്പെടുത്തി.
ഡൽഹിയിലെ പൊലീസുകാർ യൂണിഫോമിട്ട ഗുണ്ടകളാണെന്നും അമിത് ഷായാണ് അവരെ അങ്ങനെ മാറ്റിയതെന്നും അഭിജിത് ദീപ്കെ രൂക്ഷമായി വിമർശിച്ചു. നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും ഭീഷണിക്ക് മുന്നിൽ ഒരിക്കലും വഴങ്ങില്ലെന്നും, ഒരുതവണയല്ല നൂറുതവണ ജയിലിലടച്ചാലും ഈ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. രാജ്യത്ത് നിലനിൽക്കുന്ന ഏകാധിപത്യത്തിന് അന്ത്യം കുറിക്കുകയാണ് സി.ജെ.പിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയപ്പോഴാണ് വിമാനത്തിനുള്ളിൽ വെച്ച് അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഈ വിവാദങ്ങൾക്കിടയിലാണ് അദ്ദേഹത്തിന്റെ മുത്തശ്ശി മരണപ്പെട്ടത്.
എല്ലാ സഹായവും വാഗ്ദാനം ചെയ്തിരുന്നുവെന്ന് ഡൽഹി പൊലീസ്
അതേസമയം, മുത്തശ്ശിയുടെ മരണവിവരമറിഞ്ഞ ഉടൻ തന്നെ അഭിജിത് ദീപ്കെയ്ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നുവെന്ന് ഡൽഹി പോലീസ് വിശദീകരിച്ചു. ദീപ്കെയെ വിട്ടയക്കാൻ വൈകിയെന്നും മുത്തശ്ശിയുടെ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കാതിരിക്കാനാണ് പൊലീസ് ബോധപൂർവം വൈകിപ്പിച്ചതെന്നുമുള്ള കുടുംബത്തിന്റെ ആരോപണം തെറ്റാണെന്ന് ഡൽഹി പൊലീസ് പി.ആർ.ഒ.യും ഡി.സി.പിയുമായ നേഹ യാദവ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
മുത്തശ്ശിയുടെ മരണവിവരവും സംസ്കാരത്തിന്റെ സമയവും ദീപ്കെയെ കൃത്യസമയത്ത് അറിയിച്ചിരുന്നുവെന്നും, വീട്ടിലേക്ക് പോകാൻ ബസോ വിമാനമോ ഉൾപ്പെടെയുള്ള യാത്രാസൗകര്യങ്ങൾ ഒരുക്കിത്തരാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായും ഡി.സി.പി പറഞ്ഞു. ഔദ്യോഗിക ഫോണിൽ നിന്ന് കുടുംബവുമായി സംസാരിക്കാൻ അവസരം നൽകിയെങ്കിലും, തന്റെ പിതാവിനോട് ഇപ്പോൾ സംസാരിക്കാനാകില്ലെന്നാണ് ദീപ്കെ മറുപടി നൽകിയതെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളും പൊലീസ് വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു.