തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റേതെന്ന് സംശയിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ചിത്രം തൃശൂർ വടക്കാഞ്ചേരി കരുമത്ര സ്വദേശിയായ ദാമോദര മേനോന്റേതാണെന്ന് കേരള പൊലീസ് സ്ഥിരീകരിച്ചു. പ്രചരിക്കുന്ന ചിത്രം സുകുമാരക്കുറുപ്പിന്റേതല്ലെന്നാണ് സ്പെഷ്യൽ ബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ.
ദാമോദര മേനോന്റെ കുടുംബാംഗങ്ങൾ ചിത്രം തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടാതെ സ്പെഷ്യൽ ബ്രാഞ്ച് എസിപി ബിജോയ് തോമസ് ദാമോദര മേനോനുമായി ഫോണിൽ സംസാരിക്കുകയും ചെയ്തു. ആരോഗ്യപ്രശ്നങ്ങളുള്ള ദാമോദര മേനോൻ നാട്ടിലേക്ക് വരാൻ ശ്രമിക്കുകയാണെന്ന് പൊലീസിനോട് പറഞ്ഞതായും അധികൃതർ അറിയിച്ചു.
കരുമത്രയിൽ ദാമോദര മേനോന്റെ പേരിൽ പത്ത് സെന്റ് ഭൂമിയുള്ളതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട രേഖകളും പൊലീസ് പരിശോധിച്ചു. ചിത്രത്തിലുള്ള വ്യക്തി ദാമോദര മേനോൻ തന്നെയാണെന്ന് കുടുംബാംഗങ്ങളും സ്ഥിരീകരിച്ചതായി സ്പെഷ്യൽ ബ്രാഞ്ച് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരും.
മലേഷ്യയിൽ താമസം; പാസ്‌പോർട്ടും ദാമോദര മേനോന്റേത്
സുകുമാരക്കുറുപ്പിന്റേതെന്ന് സംശയിച്ച് പൊലീസ് ശേഖരിച്ച പാസ്‌പോർട്ട് ദാമോദര മേനോന്റേതാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ദാമോദര മേനോന്റെ സഹോദരൻ കരുണാകരനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഏകദേശം 40 വർഷം മുമ്പാണ് ദാമോദര മേനോൻ മലേഷ്യയിലേക്ക് പോയത്. അവിടെവെച്ച് പാലക്കാട് സ്വദേശിനിയെ വിവാഹം കഴിച്ചു. ഇവർക്ക് രണ്ട് മക്കളുണ്ട്. നിലവിൽ അപകടത്തിൽപ്പെട്ട് ചികിത്സയിലാണ് ദാമോദര മേനോൻ.
നാട്ടിലുള്ള കുടുംബാംഗങ്ങളുമായി ദാമോദര മേനോൻ നിരന്തരം ഫോണിൽ ബന്ധപ്പെടാറുണ്ടെന്നും ഏകദേശം ഒരു മാസം മുമ്പും വീട്ടിലേക്ക് വിളിച്ചിരുന്നതായും സഹോദരൻ പറഞ്ഞു.
42 വർഷമായി പൊലീസ് അന്വേഷിക്കുന്ന കൊലക്കേസ് പ്രതി സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള ഒരാളെക്കുറിച്ച് അടുത്തിടെ പൊലീസിന് നിരവധി അനൗദ്യോഗിക വിവരങ്ങൾ ലഭിച്ചിരുന്നു. മലേഷ്യയിലും ഇൻഡോനേഷ്യയിലുമുള്ള ചില ഇന്ത്യക്കാരാണ് ഇത്തരത്തിലുള്ള വിവരങ്ങൾ ഉദ്യോഗസ്ഥർക്ക് കൈമാറിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രചരിച്ച ചിത്രവും വ്യക്തിയുടെ വിവരങ്ങളും പൊലീസ് പരിശോധിച്ചത്.
എന്നാൽ, ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രചരിച്ച ചിത്രം സുകുമാരക്കുറുപ്പിന്റേതല്ലെന്നും ദാമോദര മേനോന്റേതാണെന്നുമാണ് പൊലീസിന്റെ നിലപാട്.