രണ്ടാം എന്‍.ഡി.എ സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും; സത്യപ്രതിജ്ഞ വൈകിട്ട് 7 മണിക്ക്

Jaihind Webdesk
Thursday, May 30, 2019

2nd NDA

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍.ഡി.എ മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേൽക്കും.  വൈകിട്ട് 7 മണിക്ക് രാഷ്ട്രപതി ഭവനില്‍വെച്ച് നടക്കുന്ന ചടങ്ങില്‍ മോദിക്ക് പുറമെ നാൽപതോളം മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യും. ഒൻപത് രാഷ്ട്രങ്ങളിലെ തലവന്മാർ ഉൾപ്പെടെ ക്ഷണിക്കപ്പെട്ട അതിഥികളും ചടങ്ങില്‍ പങ്കെടുക്കും.

90 മിനിറ്റ് നീണ്ടുനിൽക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ നരേന്ദ്ര മോദിക്ക് പുറമേ പ്രകാശ് ജാവദേക്കർ, നിതിൻ ഗഡ്കരി, രാജ്നാഥ് സിംഗ്, സ്മൃതി ഇറാനി, നിർമല സീതാരാമൻ, രവിശങ്കർ പ്രസാദ്, ധർമേന്ദ്ര പ്രധാൻ, നരേന്ദ്രസിംഗ് തോമർ ഉൾപ്പെടെ 40 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചൊല്ലി അധികാരം ഏറ്റെടുക്കുന്നത്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മന്ത്രിസഭയിലേക്കില്ലെന്ന് ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലി നരേന്ദ്ര മോദിക്ക് കത്ത് നൽകി. എന്നാൽ വകുപ്പുകൾ ഇല്ലാത്ത മന്ത്രി ആയി ജെയ്റ്റ്ലി തുടരണമെന്ന് മോദി ആവശ്യപ്പെട്ടിട്ടുണ്ട്.

അമിഷ് ഷാ മന്ത്രിസഭയിലേക്ക് എത്തുമെന്ന് വാർത്തകൾ ആദ്യം ഉണ്ടായിരുന്നെങ്കിലും പാർട്ടി അധ്യക്ഷനായി തന്നെ തുടരട്ടെ എന്ന തീരുമാനത്തിലേക്ക് പിന്നീട് എത്തിച്ചേർന്നു. ബംഗ്ലാദേശ് പ്രസിഡന്‍റ് അബ്ദുൽ ഹമീദ്, ശ്രീലങ്കൻ പ്രസിഡന്‍റ് മൈത്രിപാല സിരിസേന എന്നിവരുൾപ്പെടെ 9 രാഷ്ട്രത്തലവന്മാരും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉൾപ്പെടെ ക്ഷണിക്കപ്പെട്ട വലിയ നിര അതിഥികൾ രാഷ്ട്രപതി ഭവന്‍ അങ്കണത്തിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും.

യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി , കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. നേരത്തെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിച്ച പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ചടങ്ങിൽ പങ്കെടുക്കില്ല. പശ്ചിമ ബംഗാളിൽ രാഷ്ട്രീയ അക്രമങ്ങളിൽ 54 പ്രവർത്തകർ കൊല്ലപ്പെട്ടെന്ന് ബി.ജെ.പി നേതാക്കളുടെ പരാമര്‍ശമാണ് മമതയുടെ പിന്മാറ്റത്തിന് കാരണം.