സുപ്രീം കോടതി തീരുമാനം സ്വാഗതാര്‍ഹം; മുഖ്യമന്ത്രിയുടെ നിലപാട് ദൗര്‍ഭാഗ്യകരം: മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Tuesday, November 13, 2018

ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച് ജനുവരി 22ന് തുറന്ന കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുമെന്ന സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സെപ്റ്റംബര്‍ 28ന് യുവതീപ്രവേശന വിഷയത്തില്‍ സുപ്രീം കോടതി വിധി വന്ന ഉടനെ പുനഃപരിശോധനാ ഹര്‍ജി നല്‍കണം എന്നതായിരുന്നു കോണ്‍ഗ്രസിന്‍റെ നിലപാട്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് പൂര്‍ണ പിന്തുണ നല്‍കുകയും ചെയ്തു. എന്നാല്‍ പിണറായി സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നിലനില്‍ക്കില്ലെന്നു വാദിക്കുകയാണ് ചെയ്തത്. അതുകൊണ്ടു തന്നെ സുപ്രീം കോടതിയുടെ തീരുമാനം സര്‍ക്കാരിനേറ്റ തിരിച്ചടിയാണെന്നും അദ്ദേഹംചൂണ്ടിക്കാട്ടി.

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എടുത്ത നിലപാട് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. യുവതീപ്രവേശനം നടപ്പാക്കുമെന്ന് അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കുകയാണ് ചെയ്തത്. സുപ്രീം കോടതി അനുരഞ്ജനത്തിനും സമവായത്തിനുമുള്ള അവസരം നല്‍കിയെങ്കിലും മുഖ്യമന്ത്രി വീണ്ടും പ്രശ്‌നം സങ്കീര്‍ണമാക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. മണ്ഡലകാലം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ സര്‍ക്കാര്‍ തികഞ്ഞ സംയമനം പാലിക്കേണ്ടതുണ്ട്.

ശബരിമലയിലെ യുവതീപ്രവേശനവിഷയത്തില്‍ സ്ഥായിയായ നിലപാട് സ്വീകരിച്ചിട്ടുള്ളത് കോണ്‍ഗ്രസ് മാത്രമാണ്. കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പമാണ്. മണ്ഡലകാലത്ത് അടിസ്ഥാന സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.