ലാവ്‌ലിന്‍ കേസ് സി ബി ഐ ശരിയായ രീതിയില്‍ അന്വേഷിച്ചാല്‍ പിണറായി വിജയന്‍ അകത്താകും: മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Sunday, February 10, 2019

കോഴിക്കോട്: ബി.ജെ.പിയുമായി സി പി എമ്മിന് രഹസ്യബന്ധമുണ്ടെന്നും,സി പി എം ബി.ജെ.പി ബന്ധം തുടങ്ങിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഡി സി സിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂത്തുപറമ്പില്‍ പിണറായി മത്സരിക്കുന്ന സമയത്താണ് ബന്ധം ദൃഢമായത്. ആര്‍ എസ് എസിന്റെയും ജനസംഘത്തിന്റെയും നേതാക്കളാണ് അന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനു മറ്റും സഹായവുമായി എത്തിയിരുന്നത്. പ്രത്യുപകാരമായി അന്ന് കെ ജി മാരാര്‍ക്ക് തിരഞ്ഞെടുപ്പില്‍ സമാനമായ സഹായങ്ങള്‍ നല്‍കി. അടിന്തരാവസ്ഥാ കാലഘട്ടത്തിനു ശേഷം കോണ്‍ഗ്രസിനെതിരെ ഇ എം എസ് , വാജ്‌പേയ് ഉള്‍പ്പെടെ ഉണ്ടാക്കിയ സഖ്യവും ഈ ബന്ധങ്ങളുടെ തെളിവുകളാണ്. ശബരിമലവിവാദങ്ങളുമായി ബന്ധപ്പെട്ട് ഒടുവില്‍ ആര്‍ എസ് എസ് വക്താവായ വത്സന്‍ തില്ലങ്കേരിയുമായുള്ള ധാരണകളും കേരളം കണ്ടതാണ്. സി പി എമ്മിനെയും ബി ജെ പിയെയും കൂട്ടിയിണക്കുന്ന പാലമാണ് വല്‍സന്‍ തില്ലങ്കേരിയെന്ന് വ്യക്തമായിട്ടുമുണ്ട്. സ്പീക്കര്‍ തിരഞ്ഞടുപ്പില്‍ ഒ.രാജഗോപാല്‍ വോട്ടുചെയ്തത് സി പി എമ്മിനായിരുന്നു. ഇതെല്ലാം രഹസ്യധാരണയുടെ ഭാഗമാണ്. അല്‍ഫോണ്‍സ് കണ്ണന്താനം മത്സരിച്ച സമയത്ത് വിജയിപ്പിക്കാന്‍ ശുപാര്‍ശ ചെയ്തത് സി പി എമ്മായിരുന്നു. കേരള ഗവണ്‍മെന്റിനെയും കേന്ദ്രഗവണ്‍മെന്റിനെയും ബന്ധിപ്പിക്കുന്ന പാലമായാണ് അല്‍ഫോണ്‍സ് കണ്ണന്താനം പ്രവര്‍ത്തിക്കുന്നത്.

മുഖ്യമന്ത്രി എത്ര നിഷേധിച്ചാലും ബി ജെപിയുമായുള്ള സി പി എം ബന്ധം ജനങ്ങള്‍ക്ക് വ്യക്തമായതാണ്. ഈ ബന്ധത്തിന്റെ കൂടുതല്‍ തെളിവുകള്‍ സമയം വരുമ്പോള്‍ പുറത്തുവിടുമെന്നും മുല്ലപ്പള്ളി പറഞ്ഞു. ലാവ്ലിന്‍ കേസ് കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിക്കൊണ്ടു വരുമെന്ന ഭീതിയിലാണ് റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് പൊളിറ്റ് ബ്യൂറോ അംഗമായിട്ടു കൂടി പിണറായി പ്രതികരിക്കാത്തത്. താന്‍ കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ ലാവ്‌ലിന്‍ സി.ബി.ഐക്ക് വിടാന്‍ പ്രമുഖ നേതാവ് സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഈയിടെ യു. ഡി.എഫ് വിട്ട് എല്‍. ഡി. എഫിലേക്ക് പോയ നേതാവാണ് തന്റെയടുത്ത് സമ്മര്‍ദ്ദം ചെലുത്തിയത്.
യഥാര്‍ത്ഥത്തില്‍ സി.ബി.ഐ വേണ്ട രീതിയില്‍ അന്വേഷിച്ചാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരുമ്പഴിക്കുള്ളിലാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

ബന്ധുനിയമനം നടത്തിയ മന്ത്രി കെ ടി ജലീലിനെതിരെ അന്വേഷണത്തിന് ലോകായുക്ത നോട്ടീസ് നല്‍കിയ സാഹചര്യത്തില്‍ മന്ത്രിയെ സ്ഥാനത്ത് നിന്നും മാറ്റി നിര്‍ത്തി അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു. കെടി ജലീലിനെതിരെ നടപടിയെടുക്കുന്നത് വരെ സമര പരിപാടികളുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകും. മന്ത്രിയെ ഉപരോധിക്കുന്നതടക്കമുള്ള പ്രതിഷേധ പരിപാടികള്‍ക്ക് വരുംനാളുകളില്‍ നേതൃത്വം നല്‍കും. മന്ത്രി നടത്തിയ അഴിമതി പരവതാനിക്കുള്ളില്‍ മൂടിവെയ്ക്കാമെന്ന് സി പി എം കരുതരുതെന്നും അത് വിഡ്ഢിത്തമാണന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ രണ്ട് ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ സര്‍ക്കാര്‍ എഴുതിത്തള്ളണമെന്നും ആവശ്യപ്പെട്ടു. ജനമഹായാത്രക്ക് അസാധാരണമായ ആവേശമാണ് ഇതു വരെ ലഭിച്ചത്. ന്യൂനപക്ഷ മനസ് തങ്ങള്‍ക്കൊപ്പമാണെന്ന് യാത്രയിലൂടെ വീണ്ടും തെളിഞ്ഞിരിക്കുകയാണ്. സി പി എമ്മിന്റെ വോട്ട് രാഷ്ട്രീയം ന്യൂനപക്ഷം തിരിച്ചറിഞ്ഞിരിക്കുന്നു. അധരവ്യായാമമല്ലാതെ ന്യൂനപക്ഷത്തിന് വേണ്ടി പിണറായി സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. എന്‍ എസ് എസിനെ സി പി എം അധിക്ഷേപിച്ചത് ശരിയായില്ല.
സാമുദായിക സംഘടനകളെ ക്രൂരമായി അധിക്ഷേപിക്കുകയും പിന്നീട് വോട്ടിനായി അരമനകളില്‍ കയറി നിരങ്ങുകയും ചെയ്ത ചരിത്രമാണ് സി പി എമ്മിനുള്ളത്. സാമുദായിക സംഘടനകളുമായി നല്ല ബന്ധമാണ് എക്കാലത്തും കോണ്‍ഗ്രസ് സ്വീകരിച്ചത്. നാളെയും ഈ സമീപനത്തിന് മാറ്റമുണ്ടാകില്ലെന്നും മുല്ലപ്പള്ളി കൂട്ടിചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍, എം കെ രാഘവന്‍ എം പി, കെ പി സി സി ജനറല്‍ സെക്രട്ടറി ഡോ ശൂരനാട് രാജശേഖരന്‍, ഡി സി സി പ്രസിഡന്റ് അഡ്വ ടി സിദ്ദിഖ്, കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ എന്‍ സുബ്രഹ്മണ്യന്‍, കെ പി അനില്‍കുമാര്‍, മുന്‍ ഡി സി സി പ്രസിഡന്റ് കെ സി അബു, കെ പി സി സി സെക്രട്ടറി കെ കെ അബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു.