ബിനോയ് കോടിയേരി യുവതിക്ക് ലക്ഷങ്ങള്‍ കൈമാറി ; പണം അയച്ചതിന്‍റെ രേഖകള്‍ പുറത്ത്

Jaihind Webdesk
Sunday, June 23, 2019

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡനക്കേസില്‍ കൂടുതൽ രേഖകൾ പുറത്തുവിട്ട് പരാതിക്കാരി. യുവതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ബിനോയ് പണം അയച്ചതിന്‍റെ രേഖകള്‍ കുടുംബം പുറത്തുവിട്ടു. 2013 ൽ അഞ്ച് ലക്ഷത്തിലേറെ രൂപ കൈമാറിയതിന്‍റെ രേഖകളാണ് പുറത്തുവന്നത്. ഐ.സി.ഐ.സി.ഐ ബാങ്കിന്‍റെ അന്ധേരി വെസ്റ്റ് ശാഖയിലെ യുവതിയുടെ അക്കൗണ്ടിലേക്കാണ് പണം അയച്ചിട്ടുള്ളത്.

ബാങ്ക് അക്കൗണ്ടിൽ യുവതിയുടെ ഭർത്താവിന്‍റെ പേര് ബിനോയ് വിനോദിനി ബാലകൃഷ്ണൻ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യുവതിയുടെ പാസ്പോർട്ടിലും ഭർത്താവിന്‍റെ സ്ഥാനത്ത് ബിനോയ് വിനോദിനി ബാലകൃഷ്ണൻ എന്നാണുള്ളത്. പാസ്പോർട്ടിന്‍റെ പകർപ്പും കുടുംബം പുറത്തുവിട്ടു. ഈ രേഖകളെല്ലാം മുംബൈ പോലീസിന് കൈമാറിയിട്ടുണ്ട്.

ബിനോയിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ നാളെ മുംബൈ സെഷൻസ് കോടതി ഉത്തരവ് പുറപ്പെടുവിക്കും. ഒളിവിലുള്ള ബിനോയിക്കായി പോലീസ് തെരച്ചില്‍ തുടരുകയാണ്. മുൻകൂർ ജാമ്യാപേക്ഷയിൽ ഉത്തരവ് വരുന്നതുവരെ ലുക്കൗട്ട് നോട്ടീസിറക്കേണ്ടെന്ന തീരുമാനത്തിലാണ് പൊലീസ്.