‘മീ ടൂ’വില്‍ കുടുങ്ങി മുകേഷ് എം.എല്‍.എയും

Jaihind Webdesk
Tuesday, October 9, 2018

 

മീ ടൂ ക്യാമ്പെയ്നിൽ കുടുങ്ങി സിനിമാ താരവും കൊല്ലം എം.എൽ.എയുമായ എം മുകേഷ്. ടെസ് ജോസഫ് എന്ന കാസ്റ്റിംഗ് ഡയറക്ടറാണ് മുകേഷിനെതിരെ ആരോപണമുന്നയിച്ച് രംഗത്ത് വന്നിട്ടുള്ളത്. ഒരു സ്വകാര്യ ചാനലിൽ മുകേഷ് അവതരിപ്പിച്ച പരിപാടിക്കിടെ നടന്ന സംഭവങ്ങളാണ് ആരോപണത്തിൽ പറഞ്ഞിട്ടുള്ളത്.

തന്‍റെ ഇരുപതാം വയസിൽ നടൻ മുകേഷിൽ നിന്നുമുണ്ടായ അപമര്യാദ നിറഞ്ഞ പെരുമാറ്റമാണ് ടെസ് ജോസഫ് മീ ടൂ ക്യാമ്പയിന്‍റെ ഭാഗമായി 19 വർഷത്തിന് ശേഷം തുറന്നു പറഞ്ഞിരിക്കുന്നത്. സ്വകാര്യ ചാനലിന് വേണ്ടി മുകേഷ് അവതാരക വേഷത്തിലെത്തിയ പരിപാടിയുടെ ഷൂട്ടിംഗിനിടെ ഹോട്ടലിൽ താമസിക്കുമ്പോഴായിരുന്നു ഇത്തരത്തിൽ പെരുമാറിയത്.

ടെസ് ജോസഫ് താമസിച്ചിരുന്ന മുറിയിലേക്ക് നിരവധി തവണ വിളിച്ചുവെന്നും വെളിപ്പെടുത്തലിൽ പറയുന്നു. അതിനു ശേഷം പരിപാടിയുടെ അടുത്ത ഷെഡ്യൂൾ ഷൂട്ടിംഗ് സമയത്ത് മുകേഷിന്‍റെ മുറിയോട് ചേർന്ന് തനിക്ക് മുറി നൽകുകയും ചെയ്തു. ഈ വിഷയം തന്‍റെ സീനിയറായ ഡെറിക്ക് ബ്രയിനിനോട് വെളിപ്പെടുത്തിയതോടെ അദ്ദേഹം തന്നെ അവിടെ നിന്നും പുറത്തെത്തിക്കുകയായിരുന്നുവെന്നും ടെസ് പറയുന്നു.

ജോലിക്കാരുടെ സംഘത്തിൽ ആകെ താൻ മാത്രമായിരുന്നു ഏക വനിത. ഒരു രാത്രിയിൽ തുടർച്ചയായി വിളികളെത്തിയതോടെ തന്‍റെ സുഹൃത്തിനൊപ്പം മറ്റൊരു മുറിയിലാണ് താമസിച്ചത്. തന്‍റെ മുറി മാറ്റിയത് എന്തിനാണെന്ന ചോദ്യത്തിന് ഹോട്ടൽ ജീവനക്കാർ മുകേഷ് പറഞ്ഞിട്ടാണെന്ന അലസമായ മറുപടി നൽകുകയായിരുന്നുവെന്നും വെളിപ്പെടുത്തലിലുണ്ട്.