നരേന്ദ്ര മോദി – പിണറായി വിജയൻ ഭായ്-ഭായ്; പിണറായി വിജയന്റെ പ്രസംഗം ആയുധമാക്കി രാജ്യസഭയിൽ നരേന്ദ്ര മോദി

Jaihind News Bureau
Thursday, February 6, 2020

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്ക് പിന്നിൽ വർഗീയ വദികളാണെന്ന പിണറായി വിജയൻ നിയമസഭയിൽ നടത്തിയ പ്രസംഗം ആയുധമാക്കി രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്ക് വർഗീയ മുഖം നൽകാനാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിയുടെ പ്രസംഗം ഉപയോഗിച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളിൽ കേരളം പ്രതിസന്ധിയിൽ ആണെന്നും പ്രധാനമന്ത്രി.

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിൽ മേലുള്ള നന്ദി പ്രമേയ ചർച്ചയിലാണ് പ്രധാനമന്ത്രിയുടെ പരാമർശം. പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രതിഷേധങ്ങളെ വിമർശിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നടത്തിയ പ്രസംഗത്തെ പ്രധാനമന്ത്രി ആയുധമാക്കിയത്‌. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ സമരങ്ങളില്‍ തീവ്ര സംഘടനകള്‍ നുഴഞ്ഞു കയറിയെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിട്ടുണ്ട്, കേരളത്തില്‍ അനുവദിക്കാത്തത് ഡല്‍ഹിയില്‍ തുടരണോ, പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളിൽ കേരളം പ്രതിസന്ധിയിൽ എന്നിങ്ങനെയാണ് പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ.

അങ്കമാലിയില്‍ പ്രക്ഷോഭം നടത്തിയ മഹല്ല് കമ്മിറ്റിയിലെ ആളുകള്‍ക്കെതിരെ കേസെടുത്തത് ചോദ്യോത്തരവേളയിൽ റോജി എം. ജോണ്‍ എംഎല്‍എ ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു പ്രധാനമന്ത്രിക്ക് പ്രതിഷേധക്കാരെ വിമർശിക്കാൻ ആയുധമായ മുഖ്യമന്ത്രിയുടെ പരാമര്‍ശമുണ്ടായത്. പ്രതിഷേധങ്ങള്‍ക്കിടയില്‍ മഹല്ല് കമ്മിറ്റികളെല്ലാം നല്ല ഇടപെടലാണ് നടത്തിയത് എന്നാല്‍, ചിലയിടത്ത് എസ്ഡിപിഐ നുഴഞ്ഞു കയറിയെന്നുമായിരുന്നു മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്. ഈ സമയത്ത് ശബ്ദമുയര്‍ത്തിയ പ്രതിപക്ഷത്തോട് എസ്ഡിപിഐയെക്കുറിച്ച് ചോദിക്കുമ്പോള്‍ നിങ്ങള്‍ക്കെന്തിനാണ് പൊള്ളുന്നത് എന്ന് ചോദിച്ച് മുഖ്യമന്ത്രി തട്ടിക്കയറിയിരുന്നു.