മുഖ്യമന്ത്രിയ്ക്ക് അവസരവാദ നിലപാട് : എം.എം.ഹസന്‍

Jaihind News Bureau
Wednesday, February 5, 2020

“ഉത്തരത്തിലിരിക്കുന്നത് എടുക്കുകയും വേണം കക്ഷത്തില്‍ ഇരിക്കുന്നത് പോവുകയും ചെയ്യരുത്” എന്ന മുഖ്യമന്ത്രിയുടെ അപ്രായോഗിക നിലപാടാണ് ഗവര്‍ണര്‍ക്കെതിരെയുള്ള നിയമസഭ പ്രമേയം തള്ളിക്കളയാന്‍ കാരണമായതെന്ന് മുന്‍ കെ.പി.സി.സി. പ്രസിഡന്‍റ് എം.എം.ഹസ്സന്‍ പറഞ്ഞു.

കേരള റിട്ടയേര്‍ഡ് ടീച്ചേഴ്‌സ് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഹസ്സന്‍. ന്യൂനപക്ഷ വോട്ട് ബാങ്ക് പിടിച്ചെടുക്കുകയും വേണം, ഗവര്‍ണറെ പിണക്കാനും വയ്യെന്ന് മുഖ്യമന്ത്രിയുടെ അവസരവാദ നിലപാടിലൂടെ പൗരത്വ നിയമത്തിനെതിരെയുള്ള പോരാട്ടത്തില്‍ അയവ് വരുത്തിയെന്ന് ഹസ്സന്‍ ആരോപിച്ചു.

ശമ്പള കമ്മിഷന് മുന്നോടിയായി ഇടക്കാലാശ്വാസം അനുവദിക്കുക, പൗരത്വനിയമം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നടത്തിയ ധര്‍ണയ്ക്ക് പ്രസിഡന്റ് പി.മൊയ്തീന്‍ മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി ജി.രവീന്ദ്രന്‍ നായര്‍, ട്രഷറര്‍ ലീലാമ്മ ഐസക് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.