പോലീസിലെ അഴിമതിയില്‍ മുഖ്യമന്ത്രിക്കും പങ്ക്: എം.എം.ഹസ്സന്‍

Jaihind News Bureau
Saturday, March 7, 2020

പോലീസ് തലപ്പത്ത് നടന്ന അഴിമതി മുഖ്യമന്ത്രിയുടെ അറിവോടെ നടന്നതിനാലാണ് ഡിജിപിയെ പിണറായി വിജയന്‍ സംരക്ഷിക്കുന്നതെന്ന് കെപിസിസി മുന്‍ പ്രസിഡന്‍റ് എം.എം.ഹസ്സന്‍. സിഐജി റിപ്പോര്‍ട്ടിലെ അഴിമതി ആരോപണങ്ങളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പോലീസ് സ്റ്റേഷനുകളിലേക്ക് നടത്തിയ മാര്‍ച്ച് വലിയതുറ, പേരൂര്‍ക്കട സ്റ്റേഷനുകള്‍ക്ക് മുന്നില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.

മുന്‍കാലങ്ങളില്‍ സിഎജി റിപ്പോര്‍ട്ടിന്‍റെ പേരില്‍ അന്വേഷണങ്ങളും നിയമപോരാട്ടവും നടത്തിയ മുഖ്യമന്ത്രിയും കൂട്ടരുമാണ് ഇപ്പോള്‍ അന്വേഷണത്തെ ഭയക്കുന്നത്. ഒളിച്ചുവയ്ക്കാന്‍ പലതു ഉള്ളതിനാലാണ് ഈ ഭയം. കേരളത്തില്‍ നിയമവാഴ്ച തകര്‍ന്നു. പോലീസ് അതിക്രമങ്ങള്‍ വര്‍ധിക്കുകയാണ്. ജനമൈത്രി ശൈലി പുറത്തും അകത്ത് തനി ഇടിയന്‍ പോലീസ് നയമാണ് പിണറായി പോലീസിന്‍റെതെന്നും ഹസ്സന്‍ പരിഹസ്സിച്ചു.
നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷനിലേക്ക് നടന്ന മാര്‍ച്ച് കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി ഉദ്ഘാടനം ചെയ്തു.