പാകിസ്ഥാനെ വിറപ്പിച്ചത് ഇന്ദിരാഗാന്ധിയുടെ കാലത്ത് വാങ്ങിയ മിറാഷ് 2000 പോര്‍വിമാനങ്ങള്‍ ഉപയോഗിച്ച്

Jaihind Webdesk
Wednesday, February 27, 2019

ന്യൂഡല്‍ഹി: ഇന്നലെ പുലര്‍ച്ചെ പാക്കിസ്ഥാനിലെ ഭീകരതാവളങ്ങള്‍ തകര്‍ത്ത ഇന്ത്യന്‍ വായുസേനയുടെ മിറാഷ് 2000 പോര്‍വിമാനങ്ങള്‍ 1984ല്‍ ഇന്ദിരാഗാന്ധി സര്‍ക്കാരിന്റെ കാലത്താണ് ഫ്രാന്‍സില്‍ നിന്നും വാങ്ങിയത്. ഇന്ത്യന്‍ പോര്‍വിമാനങ്ങളിലെ വജ്രായുധമെന്നാണ് മിറാഷിനെ വിശേഷിപ്പിക്കുന്നത്. വജ്ര എന്നാണ് വ്യോമസേന നല്‍കിയിരിക്കുന്ന പേരും. 1999-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യന്‍ ആക്രമണങ്ങളുടെ കുന്തമുനയായിരുന്നു മിറാഷ്.
ലേസര്‍ ബോംബുകള്‍, ന്യൂക്ലിയര്‍ ക്രൂയിസ് മിസൈല്‍ എന്നിവ വഹിക്കാന്‍ കഴിയുന്ന വിമാനത്തിന് 6.3 ടണ്‍ ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്. ഇന്ത്യക്ക് ഇപ്പോള്‍ 50 മിറാഷ് യുദ്ധ വിമാനങ്ങളുണ്ട്.

21 മിനിറ്റിനുള്ളില്‍ വ്യോമസേന മൂന്നിടങ്ങളില്‍ ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ബാലക്കോട്ടിലാണ് ആദ്യം ആക്രമണം നടത്തിയത്. ഇത് പുലര്‍ച്ച 3.45 മുതല്‍ 3.53 വരെ നീണ്ടു നിന്നു. മുസാഫറാബാദിലായിരുന്നു രണ്ടാമത്തെ ആക്രമണം. 3.48 മുതല്‍ 3.55 വരെയായിരുന്നു ഇതിന്റെ ദൈര്‍ഘ്യം. മൂന്നാമത്തെ ആക്രമണം നടത്തിയത് ചകോതിയിലാണ്. 3.58 മുതല്‍ 4.04 വരെ. 21 മിനിറ്റുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കി 12 മിറാഷ് വിമാനങ്ങളും ഇന്ത്യയില്‍ തിരിച്ചെത്തി.

14.36 മീറ്റര്‍ നീളവും 5.20 മീറ്റര്‍ ഉയരവും 9.13 മീറ്റര്‍ വിങ്സ്പാനുമുള്ള വിമാനം ഒരു ഫൈറ്റർ പൈലറ്റിനെയാണ് ഉള്‍ക്കൊള്ളുക. നിലവില്‍ എം2000 എച്ച്, എം2000 ടിഎച്ച്, എം2000 ഐടി എന്നീ ശ്രേണികളിലായി ഏകദേശം 44 മിറാഷ് വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ പക്കലുണ്ട്. 2030 ല്‍ ഇതില്‍ ഒട്ടുമിക്ക വിമാനങ്ങളും വിരമിക്കും. ഇതിന്റെ വില ഏകദേശം 23 ദശലക്ഷം അമേരിക്കന്‍ ഡോളറാണ്.