യുദ്ധഭീതി : കുവൈറ്റിൽ ആറ് മാസത്തേക്ക് ഭക്ഷ്യവിഭവങ്ങൾ സ്റ്റോക്ക് ചെയ്യാൻ നിർദേശം

Jaihind News Bureau
Wednesday, January 8, 2020

ദുബായ് : ഇറാന്‍ അമേരിക്ക സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ കുവൈറ്റില്‍ ഭക്ഷ്യവസ്തുക്കളുടെ കരുതല്‍ ശേഖരം ഒരുക്കാന്‍ സാമൂഹിക ക്ഷേമ മന്ത്രാലയം നിര്‍ദേശിച്ചു. കോപ്പറേറ്റീവ് സൊസൈറ്റികൾ ആണ് ഇതിനായി ഉപയോഗിക്കുക .

മേഖലയിലെ രാഷ്ട്രീയ പ്രതിസന്ധി മൂർഛിക്കുന്ന പശ്ചാത്തലത്തിൽ കോപ്പറേറ്റീവ് സൊസൈറ്റികളിൽ ആറുമാസത്തെ ഭക്ഷ്യ വിഭവങ്ങൾ സ്റ്റോക്ക് ചെയ്യണമെന്ന് സാമൂഹ്യ ക്ഷേമ മന്ത്രാലയം നിർദേശം നൽകി . അടിയന്തര സാഹചര്യം ഉണ്ടായാൽ ഭക്ഷ്യ ക്ഷാമം അനുഭവപ്പെടാതിരിക്കാനും സാഹചര്യം മുതലെടുത്ത് പൂഴ്ത്തിവെപ്പും വിലക്കയറ്റവും തടയാനുമാണ് മുൻകരുതൽ എന്ന നിലയിൽ ആറുമാസത്തേക്കുള്ള അവശ്യ ഭക്ഷ്യ വസ്തുക്കൾ ശേഖരിച്ചു വെക്കണമെന്ന നിർദ്ദേശം നൽകിയിട്ടുള്ളത്.

ഭക്ഷ്യവസ്തുക്കൾ കേടാകാതെ സൂക്ഷിക്കാനുള്ള ക്രമീകരണം നടത്തണമെന്നും ആദ്യം വരുന്ന സ്റ്റോക്കുകൾ ആദ്യം തന്നെ നൽകണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ബാറ്ററി, മെഴുകുതിരി, ടിൻ ഫുഡുകൾ , വെള്ളം എന്നിവ ശേഖരിച്ചു വെക്കണമെന്ന് പ്രത്യകം അറിയിപ്പും നൽകിയിട്ടുണ്ട്. എല്ലാ കോപ്പറേറ്റീവ് സൊസൈറ്റികളിലും 7 മാസത്തേക്കുള്ള കരുതൽ ശേഖരത്തിനുള്ള വിസ്‌തൃതമായ സംഭരണ കേന്ദ്രങ്ങളും ഉണ്ടെന്ന് ഷാമിയ ജംഇയ്യ ഡെപ്യൂട്ടി ഡയറക്ടർ മിഷാൽ അൽ മാനിഅ ചൂണ്ടിക്കാട്ടി.