ഇന്ത്യയുടെ ഉരുക്ക് വനിത ഇന്ദിരാ പ്രിയദർശിനിയുടെ 102-ആം ജന്മവാര്‍ഷികം

Jaihind News Bureau
Tuesday, November 19, 2019

രാജ്യം ഇന്ദിരാഗാന്ധി സ്മരണയിൽ. ഇന്ത്യൻ ജനത എറ്റവും കൂടുതൽ ആരാധിച്ച പ്രധാനമന്ത്രിയായ ഇന്ദിരാ പ്രിയദർശിനയുടെ 102-ആം ജന്മവാർഷികമാണ് ഇന്ന്. ഇന്ത്യ എന്നാൽ ഇന്ദിരയന്ന് ലോകം വിളിച്ചു പറഞ്ഞ ആ ധീരവനിതയുടെ സ്മരണയിൽ രാജ്യത്ത് വിവിധ അനുസ്മരണ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

1917 നവംബർ 19 ന് അലഹബാദിലാണ് ഇന്ദിരയുടെ ജനനം. ജവഹർലാൽ നെഹ്‌റുവിന്‍റെയും കമലാ നെഹ്‌റുവിന്‍റെയും ഏക മകളായിരുന്നു ഇന്ദിര. സ്വാതന്ത്ര്യ സമരവുമായി ഇഴുകി ചേർന്ന കുടുംബമായിരുന്നതിനാൽ കുട്ടി കാലം മുതൽ ഇന്ദിര കോൺഗ്രസിൽ സജീവമായിരുന്നു 1942ൽ ഫിറോസിനെ വിവാഹം ചെയ്തു. 1944 രാജീവ് ഗാന്ധിക്കും 1946ൽ സഞ്ജയ് ഗാന്ധിക്കും ജന്മം നൽകി. 1959, 1960-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ പ്രസിഡന്‍റായി ഇന്ദിര തെരഞ്ഞെടുക്കപ്പെട്ടു.1964 ൽ നെഹ്‌റു അന്തരിച്ചതോടെ രാജ്യസഭയിലുടെ ലാൽ ബഹദൂർ ശാസ്ത്രി മന്ത്രിസഭയിൽ വാർത്താവിതരണ പ്രക്ഷേപണ മന്ത്രിയായി. ശാസ്ത്രിയുടെ അന്ത്യത്തോടെ ഇന്ദിര ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായി അവർ വർഷങ്ങളോളം ഇന്ത്യ എന്ന് മഹാരാജ്യത്തെ നയിച്ചു. നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നു. ദാരിദ്ര്യം മുതൽ ഭീകരവാദവും യുദ്ധവും വരെ ഇന്ദിര ധൈര്യത്തോടെ നേരിട്ടു.

1971-ൽ ബംഗ്ലാദേശ് യുദ്ധത്തിൽ പാകിസ്ഥാനെതിരെ ഇന്ദിരയുടെ നീക്കങ്ങൾ ലോകരാഷ്ട്രത്തലവന്മാരെതന്നെ വിസ്മയിപ്പിച്ചിരുന്നു. അമേരിക്കയും ചൈനയും ഇടപെടുംമുമ്പ് യുദ്ധം ജയിക്കാനും ഇന്ദിരയ്ക്കായി, ബംഗ്ലാദേശ് യുദ്ധവിജയത്തോടെയാണ് ഇന്ദിര ‘ദുർഗ’യാവുന്നത്. ‘ഒരാൾക്കും ഒരു രാഷ്ട്രത്തിനും എന്നെ സമ്മർദത്തിലാക്കാനാവില്ല’ എന്നാണ് ഇന്ദിര ബംഗ്ലാദേശ് യുദ്ധത്തിനുശേഷം പറഞ്ഞത്.

ബാങ്ക് ദേശസാത്കരണവും മതേതരത്വത്തിന്‍റെ സംരക്ഷണത്തിനായി ഇന്ദിര എടുത്ത കർശന നിലപാടുകളും സൈലന്‍റ് വാലി പോലെ പരിസ്ഥിതി സൗഹാർദ നടപടികളുമൊക്കെ ലോക ശ്രദ്ധ നേടി. സിംല കരാർ, ഹരിത വിപ്ലവം, ധവള വിപ്ലവം, ബാങ്കുകളുടെ ദേശസാൽക്കരണം, പൊക്രാനിലെ അണുബോംബ പരീക്ഷണം തുടങ്ങിയവ ഇന്ദിര സ്വീകരിച്ച ധീര നിലപാടുകളായിരുന്നു. കിഴക്കൻ പാകിസ്ഥാന്‍റെ സ്വാതന്ത്ര്യസമരത്തിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പാകിസ്ഥാനുമായി യുദ്ധത്തിലേർപ്പെട്ട ഇന്ദിര, യുദ്ധത്തിൽ ഇന്ത്യ വിജയിച്ചതോടെ ബംഗ്ലാദേശ് രൂപീകരണത്തിന് കാരണമായി. ഇന്ദിരയുടെ ഭരണകാലത്ത് ഇന്ത്യ, ദക്ഷിണേഷ്യയിലെ ഒരു പ്രധാന ശക്തിയായി വളർന്നു.

അടിയന്തരാവസ്ഥയെ തുടർന്ന് നടന്ന തെരഞ്ഞടുപ്പിൽ അധികാരത്തിൽ നിന്നും പുറത്തായ ഇന്ദിരയെ അറസ്റ്റ ചെയ്തു. എന്നാൽ തുടർന്ന് ഇന്ത്യയിലെ സാധാരണക്കാർ ഇന്ദിരയെ തിരിച്ച വിളിച്ചു. കോൺഗ്രസ് ശക്തമായ തിരിച്ചു വരവ് നടത്തി.ഇന്ദിര വീണ്ടും അധികാരത്തിലെത്തി. ആയിരം കൊല്ലങ്ങൾക്കിടെ ജീവിച്ച ശ്രേഷ്ഠയായ വനിതയെ കണ്ടെത്താനായി ബി.ബി.സി നടത്തിയ വോട്ടെടുപ്പിൽ ഒന്നാമതെത്തിയത് ഇന്ദിരാഗാന്ധിയായിരുന്നു.

പിതാവ് ജവഹർലാൽ നെഹ്രുവായിരുന്നു ഇന്ദിരയുടെ ജിവിതത്തില്‍ ഏറ്റവും വലിയ സ്വാധീനം ചെലുത്തിയ വ്യക്തി. ഇന്ദിരയുടെ വ്യക്തിത്വത്തിന്‍റെ അടിത്തറ രൂപപ്പെടുന്നതിൽ നിർണായക പങ്കുവഹിച്ചത് മുത്തച്ഛനായ മോത്തിലാലും അമ്മയായ കമലയുമാണ്.

തളർത്താൻ ശ്രമിക്കുന്നവർക്കെതിരെ തളരാതെ പോരാടുന്നതായിരുന്നു ഇന്ദിരയുടെ സ്വഭാവസവിശേഷത. ഇന്നത്തെ കേന്ദ്ര ഭരണാധികാരികളിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു ഇന്ദിര ഗാന്ധിയുടെ സമീപനം: ഭയപ്പെടുത്തി സമ്മർദം ചെലുത്തുന്നതും അനധികൃതമായ ഇടപെടലുകളും ഇന്ദിരാജി ഒരു തരത്തിലും അംഗീകരിച്ചിരുന്നില്ല. പ്രത്യയശാസ്ത്രത്തിനായും ഗൂഢതാത്പര്യങ്ങൾക്കും അജൻഡകൾക്കും എതിരെയുമായിരുന്നു അവരുടെ പോരാട്ടങ്ങൾ. മതത്തിന്‍റെയും ജാതിയുടെയും അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ അവർ ശ്രമിച്ചില്ല.

ഇന്ത്യയ്ക്ക് വേണ്ടിയാണ് അവർ അവസാന ശ്വാസം വരെ ജീവിച്ചത്1917 നവംബർ 19 നു തുടങ്ങിയ ജീവിതമാണ് 67 വർഷങ്ങൾക്കു ശേഷം സഫ്ദർജങ് റോഡിലെ ഒന്നാം നമ്പർ വസതിയിൽ സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റ അവസാനിക്കുമ്പോഴും രാജ്യമായിരുന്നു ഇന്ദിരയ്ക്ക് എന്നും പ്രിയപ്പെട്ടത്