ഇന്ദിരാഗാന്ധി ദേശീയോദ്ഗ്രഥന പുരസ്കാര സമർപ്പണവേളയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നടത്തിയ പ്രസംഗത്തിന്‍റെ പൂർണരൂപം

Jaihind News Bureau
Friday, November 1, 2019

ഇന്ദിരാഗാന്ധി ദേശീയോദ്ഗ്രഥന പുരസ്കാരം ചണ്ഡി പ്രസാദ് ഭട്ടിന് സമ്മാനിച്ചുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നടത്തിയ പ്രസംഗത്തിന്‍റെ പൂർണരൂപം :

ഇന്ന് നമ്മളിവിടെ ഒത്തുകൂടിയിരിക്കുന്നത് ഇന്ദിരാഗാന്ധിയുടെ ആശയങ്ങളും ആദർശങ്ങളും തത്വങ്ങളും ജീവിതദർശനമാക്കിയ വ്യക്തിത്വങ്ങളെ ആദരിക്കുന്നതിന്‍റെ ഭാഗമായാണ്.

ഇന്ദിരാജിയുടെ അഭിനിവേശങ്ങളിലൊന്നായിരുന്നു ദേശീയോദ്ഗ്രഥനം എന്നത്. എന്നാൽ നിലവിലെ ഭരണാധികാരികളില്‍ നിന്ന് വ്യത്യസ്തമായി, അവർ ഐക്യത്തെ ഏകതാനവുമായി തുലനം ചെയ്തില്ല. നേരെമറിച്ച്, ഇന്ത്യയുടെ വൈവിധ്യങ്ങളെക്കുറിച്ച് ഇന്ദിരാഗാന്ധിക്ക് ആഴമായ ബോധവും അഭിമാനവുമുണ്ടായിരുന്നു. ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യങ്ങളെക്കുറിച്ച് ആഴത്തിലുള്ള ബോധം പുലർത്തിയിരുന്നു. രാജ്യത്തിന്‍റെ രാഷ്ട്രീയ-സാംസ്കാരിക ഐക്യം ശക്തിപ്പെടുത്തുന്നതിനായി അവർ പ്രയത്നിച്ചിരുന്നു. രാജ്യത്തിന്‍റെ വൈവിധ്യങ്ങള്‍ ഉൾക്കൊള്ളുകയും അത് ബഹുമാനിക്കപ്പെടേണ്ടതും ആഘോഷിക്കപ്പെടേണ്ടതുമാണെന്നും ഇന്ദിരാജി വിശ്വസിച്ചിരുന്നു.

സമത്വവും സമന്വയവും സജീവമായി പ്രോത്സാഹിപ്പിക്കുന്ന സാമ്പത്തികവും സാമൂഹികവുമായ നയങ്ങളില്ലാതെ ഇന്ത്യയ്ക്ക് വികസിക്കാനും അഭിവൃദ്ധി പ്രാപിക്കാനും കഴിയില്ലെന്നും അവർ തിരിച്ചറിഞ്ഞു. പിന്നാക്കക്കാരെ സഹായിക്കുക, ഇന്ത്യൻ സമൂഹത്തിലെ ഒരു വിഭാഗത്തെയും ജാതിയുടെയോ മതത്തിന്‍റെയോ അടിസ്ഥാനത്തിൽ ഒഴിവാക്കിയിട്ടില്ലെന്ന് ഉറപ്പുവരുത്തുക. ഇത്തരത്തില്‍ ദേശീയോദ്ഗ്രഥനത്തെക്കുറിച്ചുള്ള ഇന്ദിരാ ഗാന്ധിയുടെ കാഴ്ചപ്പാട് വിശാലമായിരുന്നു.

സ്വാതന്ത്ര്യസമരത്തിലേക്ക് നയിക്കുകയും സ്വാതന്ത്ര്യാനന്തരം നമ്മുടെ രാജ്യത്തിന് പ്രചോദനം നൽകുകയും ചെയ്ത അടിസ്ഥാന മൂല്യങ്ങള്‍ ഇപ്പോൾ ചോദ്യം ചെയ്യപ്പെടുകയാണ്. അസഹിഷ്ണുതയും അക്രമവും വർധിച്ചുവരുന്നതാണ് ഇന്ന് കാണാന്‍ കഴിയുന്നത്. അസത്യവും അശാസ്ത്രീയവുമായ ആശയങ്ങളും അടിച്ചേല്‍പ്പിക്കുകയും നമ്മുടെ ചരിത്രം വളച്ചൊടിക്കപ്പെടുകയും ചെയ്യപ്പെടുകയാണ്. ഇതെല്ലാം നമ്മുടെ രാജ്യത്തിന്‍റെ മതേതര, ജനാധിപത്യ അടിത്തറയ്ക്ക് വിരുദ്ധമായ കാര്യങ്ങളാണ്.

ഇന്ദിരാഗാന്ധിയുടെ അഭിനിവേശങ്ങളിലൊന്നായിരുന്നു ദേശീയോദ്ഗ്രഥനമെങ്കില്‍, ഇന്ത്യയുടെ സമ്പന്നവും അതിശയകരവുമായ ജൈവവൈവിധ്യത്തിന്‍റെ സംരക്ഷണം അതിനും മുമ്പേതന്നെ ശ്രദ്ധ ചെലുത്തിയിരുന്നു. സാമ്പത്തിക വികസനത്തിനായി അവർ പരിശ്രമിച്ചു. എന്നാൽ “പാരിസ്ഥിതിക സന്തുലിതാവസ്ഥ”യെ തകിടംമറിച്ചുകൊണ്ടാവരുത് ഇത് എന്ന് ഇന്ദിരാഗാന്ധിക്ക് ഉറച്ച ബോധ്യമുണ്ടായിരുന്നു. സാമ്പത്തിക വളർച്ച എന്നത് പരിസ്ഥിതിയെ തകര്‍ത്തുകൊണ്ടാവരുത്. അതിനാൽ, സർവ്വോദയ തത്ത്വചിന്തയാൽ ജീവിതം രൂപപ്പെടുത്തിയ ഒരു യഥാർത്ഥ ഗാന്ധിയനായ ചണ്ഡി പ്രസാദ് ഭട്ടിനെ ഇന്ന് ബഹുമാനിക്കുന്നത് വളരെ ഉചിതമാണ്.

കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി, നമ്മുടെ വനങ്ങൾ, നദികൾ, പർവതങ്ങൾ, പ്രകൃതിദത്ത പൈതൃകം എന്നിവയുടെ സംരക്ഷണത്തിനായി അദ്ദേഹം നിരന്തരമായി പോരാടുകയാണ്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ജനകീയ പ്രസ്ഥാനങ്ങള്‍ക്കും മുന്നേറ്റങ്ങള്‍ക്കും അദ്ദേഹം പ്രചോദനം നൽകിയിട്ടുണ്ട്. അതിൽ ഏറ്റവും പ്രശസ്തമായതാണ് ചിപ്പ്കോ പ്രസ്ഥാനം. വളരെയധികം സ്വാധീനം ചെലുത്തിയ ഈ പ്രക്ഷോഭമാണ് പിന്നീട് 1980 ലെ ചരിത്രപരമായ വനസംരക്ഷണ നിയമത്തിലേക്ക് നയിച്ചത്.

ഞാൻ പരാമർശിക്കാൻ ആഗ്രഹിക്കുന്ന, ഒരുപക്ഷേ അറിയപ്പെടാത്ത ഒരു വസ്തുതയുണ്ട്. 1970 കളുടെ മധ്യത്തിൽ ബദ്രിനാഥ് ക്ഷേത്രത്തിന്‍റെ രക്ഷകനും ചണ്ഡി പ്രസാദ് ജി ആയിരുന്നു. ബദ്രിനാഥ് ക്ഷേത്രത്തില്‍ സവിശേഷമായ ഘടനയെ തകര്‍ത്തുകൊണ്ട് ക്ഷേത്രത്തെ  ആധുനികവത്കരിക്കാനുള്ള ഒരു പദ്ധതി അക്കാലത്തുണ്ടായിരുന്നു. ഇതിനെതിരെ പ്രദേശത്തെ ജനങ്ങളെ ഉൾപ്പെടുത്തി അദ്ദേഹം പ്രതിഷേധം നയിച്ചു. തൽഫലമായാണ്, ബദ്രിനാഥിന്‍റെ ചരിത്രപരമായ സവിശേഷമായ വാസ്തുവിദ്യാ രീതി സംരക്ഷിക്കപ്പെട്ടത്. ഇന്ദിരാഗാന്ധിയെപ്പോലെ നമ്മുടെ സാംസ്കാരികവും പ്രകൃതിദത്തവുമായ പൈതൃകത്തിന്‍റെ നിലനില്‍പ്പില്‍ അദ്ദേഹവും വിശ്വസിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണീ സംഭവം.

ചണ്ഡി പ്രസാദ് ഭട്ട് നമ്മുടെ രാജ്യത്തുടനീളമുള്ള അനേകർക്ക് അദ്ദേഹത്തിന്‍റെ പ്രവൃത്തിയിലൂടെ, ആശയങ്ങളിലൂടെ, ജീവിതരീതിയിലൂടെ ഒരു മാര്‍ഗദീപമാണ്. രാജ്യത്തിന് പുറത്തും അദ്ദേഹത്തിന്‍റെ പ്രവർത്തനം നിരവധി പേരെ സ്വാധീനിച്ചിട്ടുണ്ട്. ഈ പ്രതിസന്ധി ഘട്ടങ്ങളിലും നമ്മുടെ മുന്നോട്ടുള്ള പാതയില്‍ മാർഗദീപമായി തുടരാന്‍ അദ്ദേഹത്തിന് കഴിയട്ടെ.

ജയ്ഹിന്ദ്.