‘നിങ്ങള്‍ ആള് മിടുക്കനാണ്, മികച്ച പാര്‍ലമെന്റേറിയനാണ്’: എന്‍.കെ. പ്രേമചന്ദ്രന് സ്പീക്കറുടെ പ്രശംസ; സ്പീക്കര്‍ പാനലിലേക്ക് തെരഞ്ഞെടുത്തു

Jaihind Webdesk
Wednesday, July 3, 2019

ന്യൂഡല്‍ഹി: 17ാം ലോക്‌സഭയില്‍ ഗംഭീരപ്രകടനവുമായി കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ ദേശീയ വാര്‍ത്തകളില്‍പോലും ഇടംപിടിക്കുകയാണ്. സ്പീക്കറുടെയും മുതിര്‍ന്ന പാര്‍ലമെന്റ് അംഗങ്ങളുടെയും പ്രശംസയും അനുമോദനവും ഏറ്റുവാങ്ങുകയാണ് കേരളത്തില്‍ നിന്നുള്ള യു.ഡി.എഫ് എം.പിമാര്‍. കഴിഞ്ഞദിവസം ആലത്തൂരിലെ കര്‍ഷകര്‍ക്കുവേണ്ടി സഭയില്‍ സംസാരിച്ച രമ്യഹരിദാസിനെ പ്രശംസിച്ച ലോക്‌സഭാ സ്പീക്കര്‍ ഓംബിര്‍ല ഇന്ന് കൊല്ലം എം.പി എന്‍.കെ. പ്രേമചന്ദ്രനെയാണ് തന്റെ അനുമോദനങ്ങള്‍ അറിയിച്ചത്. പ്രേമചന്ദ്രനെ ലോക്സഭ നിയന്ത്രിക്കാനുള്ള സ്പീക്കര്‍ പാനലിലേയ്ക്ക്  തെരഞ്ഞെടുക്കുകയും ചെയ്തു.

‘നിങ്ങള്‍ മികച്ച പാര്‍ലമെന്റേറിയനാണ്, സഭയില്‍ ഏറ്റവും കൂടുതല്‍ സമയം ഇരിക്കുന്ന അംഗം. ഏറ്റവും സജീവമായ അംഗം. എല്ലാ ചര്‍ച്ചകളിലും ക്രിയാത്മകമായി ഇടപഴകുന്ന അംഗം. സഭയുടെ നടപടികളെ കുറിച്ച് ക്യത്യമായ അറിവുള്ള അംഗം -സ്പീക്കര്‍ പ്രേമചന്ദ്രനെക്കുറിച്ച് പറഞ്ഞു. കൂടാതെ സ്പീക്കര്‍ പാനലിലേക്ക് തെരഞ്ഞെടുക്കുകയും ചെയ്തു.

ലോക്സഭയിലെ സത്യപ്രതിജ്ഞാദിവസം സാധ്വി പ്രജ്ഞ സിങ് ഠാക്കൂറിന്റെ സത്യപ്രതിജ്ഞയിലെ ക്രമപ്രശ്നം ഉയര്‍ത്തിയത് പ്രേമചന്ദ്രനായിരുന്നു. സര്‍ട്ടിഫിക്കറ്റിലുള്ള പേരിന് പകരം ഗുരുവിന്റെ പേരുകൂടി ചേര്‍ത്തത് ചൂണ്ടിക്കാണിച്ചത് പ്രേമചന്ദ്രനായിരുന്നു. ഇതിന് പിന്നാലെ ശബരിമലയിലെ യുവതി പ്രവേശനം തടയണമെന്നാവശ്യപ്പെട്ടുള്ള നിയമനിര്‍മ്മാണബില്‍ അദ്ദേഹം അവതരിപ്പിച്ചു.

മാലേഗാവ് സ്‌ഫോടനക്കേസ് പ്രതിയും ഭോപ്പാല്‍ എം.പിയുമായ പ്രജ്ഞ സിങ് ഠാക്കൂറിന്റെ സത്യപ്രതിജ്ഞയും വിവാദമായിരുന്നു. സര്‍ട്ടിഫിക്കറ്റിലുള്ള പേരിനു പകരം ആത്മീയഗുരുവിന്റെ പേരുകൂടി ചേര്‍ത്ത് സത്യപ്രതിജ്ഞ ചെയ്യാന്‍ നോക്കിയതാണ് വിവാദത്തിലേക്ക് വഴിവച്ചത്. ബി.ജെ.പി. സത്യപ്രതിജ്ഞാവേളയില്‍പോലും രാഷ്ട്രീയം കലര്‍ത്തിയെന്ന് പ്രേമചന്ദ്രന്‍ വിമര്‍ശിച്ചിരുന്നു.