ലോക്ക് ഡൗൺ : ജാഗ്രത നിർദ്ദേശങ്ങള്‍ കാറ്റിൽ പറത്തി കമ്മ്യൂണിസ്റ്റ് നേതാക്കളുടെ സ്വൈരവിഹാരം … ബോധവൽക്കരണം നടത്തുന്ന പോലീസുകാർക്ക് ഭീഷണി

Jaihind News Bureau
Wednesday, March 25, 2020

കോവിഡ്-19 പ്രതിരോധ നടപടികളുടെ ഭാഗമായി ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കേ വിലക്ക് ലംഘിച്ച് വാഹനത്തിൽ എത്തിയ സി.പി.എം കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ. വിലക്ക് ലംഘിച്ചവർക്കെതിരെ പോലീസ് കേസ് എടുക്കുമ്പോഴാണ് സക്കീർ ഹുസൈൻ പോലീസിന്‍റെ മുന്നറിയിപ്പ് നിസാരായി തള്ളിക്കയുന്നത്.

വാഹനം തടഞ്ഞപ്പോള്‍ “എന്‍റെ പേര്‌ സക്കീര്‍ ഹുസൈന്‍… സിപിഎം കളമശേരി ഏരിയാ സെക്രട്ടറി… മനസിലായോ..” എന്ന് പൊലീസുകാരനോട് ചോദിക്കുന്നു. കാര്യം മനസിലാക്കാതെ വര്‍ത്തമാനം പറയരുതെന്നും സക്കീര്‍ ഹുസൈന്‍ പൊലീസുകാരോട് പറയുന്നു. അതേസമയം, “സാറിനെ ബോധവത്കരിക്കുക മാത്രമാണ് ചെയ്തുന്നത്” എന്ന് പൊലീസുകാരന്‍ മറുപടി പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്. എന്നാല്‍ ഇങ്ങനെയല്ല ബോധവത്കരിക്കേണ്ടതെന്ന മറുപടിയുമായി വാഹനം മുന്നോട്ടെടുത്ത് പോകുന്നതും വീഡിയോയില്‍ കാണാം. സിപിഎം നേതാവിന്‍റെ ഈ നടപടിക്കെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കള്‍ തന്നെ നിയമലംഘകരാവുന്നത് ദോഷമാണെന്നും മുഖ്യമന്ത്രിയുടെ പ്രസ്താവന അംഗീകരിക്കാനാകാത്തവർ പാർട്ടി സ്ഥാനം വഹിക്കരുതെന്നും വിമർശനങ്ങള്‍ ഉയരുന്നു. സോഷ്യല്‍ മീഡിയയിലൂടെയും വാർത്താ മാധ്യമങ്ങളിലൂടെയും പുറത്തിറങ്ങുന്നവർ പാലിക്കേണ്ട നിർദ്ദേശങ്ങള്‍ സർക്കാരും ബന്ധപ്പെട്ട അധികൃതരും നല്‍കിയിട്ടുണ്ടെങ്കിലും ഉത്തരവാദിത്തപ്പെട്ട ചിലരെങ്കിലും ഇത്തരത്തില്‍ പെരുമാറുന്നത് പൊലീസുകാർക്കും തലവേദ സൃഷ്ടിക്കുകയാണ്.

ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ച് സഞ്ചരിച്ച എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി റിയാസ് വഹാബിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് നിർ‍ദ്ദേശം ലംഘിച്ചതിനും മൊബൈൽ ഫോണിൽ സംസാരിച്ച് ഹെല്‍മറ്റ് ഇല്ലാതെ സ്കൂട്ടർ ഓടിച്ചതിനുമാണ് റിസാദ് വഹാബിനെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്.

അതിനിടെ, നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2535 പേരെയാണ് അറസ്റ്റു ചെയ്തത്. 1636 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംസ്ഥാനത്തു നിലവിലുള്ള നിരോധനം ലംഘിച്ചു യാത്ര ചെയ്യുന്നവര്‍ക്കെതിരെ സ്വീകരിക്കുന്ന നടപടികള്‍ നാളെ മുതല്‍ കൂടുതല്‍ ശക്തിപ്പെടുത്തും. വ്യക്തമായ കാരണങ്ങള്‍ കൂടാതെയും നിര്‍ദേശം ലംഘിച്ചും യാത്ര ചെയ്യുന്നവര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി. ന്യായമായ ആവശ്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാന്‍ അനുവദിക്കൂ. സ്വകാര്യ വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ സത്യവാങ്മൂലം ഹാജരാക്കിയാല്‍ മാത്രമേ യാത്ര തുടരാന്‍ അനുവദിക്കൂ. സത്യവാങ്മൂലം പരിശോധിച്ചശേഷം പോലീസ് ഇതു മടക്കി നല്‍കും. യാത്ര ചെയ്യുന്ന ആള്‍ ഒഴികെ മറ്റാരും സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തേണ്ടതില്ല.