പാലായില്‍ ബി.ജെ.പിയും എല്‍.ഡി.എഫും തമ്മില്‍ വോട്ടുകച്ചവടം നടത്തി ; ഫലത്തെ രാഷ്ട്രീയ ജനവിധിയായി കാണുന്നില്ല : മുല്ലപ്പള്ളി രാമചന്ദ്രന്‍ | Video

Jaihind Webdesk
Friday, September 27, 2019

പാലാ ഉപതെരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയ ജനവിധിയല്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ബി.ജെ.പിയും ഇടതുമുന്നണിയും തമ്മിൽ ഇവിടെ വോട്ടുകച്ചവടം നടത്തി. ഇത് നിഷേധിക്കാൻ ഇടതുമുന്നണിക്കാകുമോയെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ചോദിച്ചു.

പാലായിൽ സംഭവിച്ച പരാജയത്തെ അംഗീകരിക്കുന്നു. എന്നാൽ ഇതിനെ രാഷ്ട്രീയ ജനവിധിയായി കാണുന്നില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ജനങ്ങളുടെ വൈകാരികമായ അമർഷവും പ്രതിഷേധവുമാണ് പാലായിൽ കണ്ടത്. കേരളാ കോൺഗ്രസിലെ ചേരിപ്പോര് പാലായിലെ വോട്ടർമാരെ കോപാകുലരാക്കിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വിജയത്തിൽ ഇടതുമുന്നണിക്ക് ഒരു മേനിയും നടിക്കാനില്ല. ബി.ജെ.പിയും ഇടതുമുന്നണിയും തമ്മിൽ പാലായിലൂടെ പാലം ഇട്ടിരിക്കുകയാണ്. ഇരുകൂട്ടരും തമ്മിൽ പാലായിൽ വോട്ടുകച്ചവടം നടത്തിയെന്ന് വ്യക്തമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

പാലായിൽ സംഭവിച്ചത് ഒരു കൈപ്പിഴവ് മാത്രമാണെന്നും യഥാർത്ഥ ജനവിധി വരാനിരിക്കുന്നത് ഇനിയുള്ള അഞ്ച് ഉപതെരഞ്ഞെടുപ്പുകളിലാണെന്നും അദ്ദേഹം വ്യക്തമാക്കി. കുറ്റമറ്റ രീതിയിൽ എല്ലാ പിഴവുകളും പരിഹരിച്ച് ഉപതെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ് മിന്നും വിജയം നേടുമെന്നും കെ.പി.സി.സി അധ്യക്ഷൻ പറഞ്ഞു.