ബ്രൂവറിയിൽ കാലിടറി സർക്കാർ: നടന്നത് കോടികളുടെ അഴിമതി

Jaihind Webdesk
Saturday, September 29, 2018


സംസ്ഥാനത്ത് സ്വകാര്യ മദ്യഉൽപാദന കേന്ദ്രങ്ങൾക്ക് വഴിവിട്ട് അനുമതി നൽകിയ വിഷയത്തിൽ വെട്ടിലായി സി.പി.എം സർക്കാർ. ചട്ടങ്ങളും മാനദണ്ഡങ്ങളും കാറ്റിൽ പറത്തി പുതിയ ഡിസ്റ്റിലറികൾക്കും ബ്രൂവറികൾക്കും അനുമതി നൽകിയതിന് പിന്നിൽ കോടികളുടെ അഴിമതിയുണ്ടെന്ന സൂചനകളാണ് പുറത്തുവന്നിട്ടുള്ളത്.

മദ്യവർജനത്തെ പിന്തുണയ്ക്കുന്ന ഇടതുമുന്നണിയുടെ മദ്യനയം നിലനിൽക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് മദ്യലോബിയുമായി ഒത്താശ ചെയ്ത് പുതിയ ബ്രൂവറികൾക്കും ഡിസ്റ്റിലറികൾക്കും അനുമതി നൽകിയിട്ടുള്ളത്. ഇതിനിടെ നിലവിൽ അനുമതി നൽകിയ ബ്രൂവറികളുടെ കാര്യത്തിൽ വ്യക്തമായ ക്രമക്കേട് നടന്നുവെന്നുള്ള രേഖകളും പുറത്തു വന്നു കഴിഞ്ഞു.

2017 ൽ മൂന്ന് അപേക്ഷകൾ സർക്കാർ പരിഗണനയ്‌ക്കെത്തിയെങ്കിലും 2018ൽ പരിഗണനയ്‌ക്കെത്തിയ കെ.എസ് ബ്രൂവറീസിനാണ് ആദ്യം അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്. 2018 ജൂൺ 12നാണ് കണ്ണൂരിലെ വാരത്തുള്ള ശ്രീധരൻ ബ്രൂവറീസിന് അനുമതി നൽകിയുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്. എന്നാൽ 2017 നവംബറിൽ തന്നെ അപേക്ഷ സമർപ്പിച്ചിരുന്ന പവർ ഇൻഫ്രാടെകും ശ്രീചക്രാ ഡിസ്റ്റിലറീസും അപ്പോളോ ബ്രൂവറീസും ഇതിന് ശേഷമാണ് അനുമതി നൽകിയിട്ടുള്ളത്.

ശ്രീധരൻ ബ്രൂവറീസ് മാർച്ചിൽ സമർപ്പിച്ച അപേക്ഷ മാർച്ച് ആറിന് മാത്രമാണ് എക്‌സൈസ് കമ്മിഷണർ സർക്കാരിന് കൈമാറുന്നത്. ഇതോടെ ജൂണിൽ തന്നെ ബ്രൂവറിക്ക് അനുമതി നൽകുകയും ചെയ്തു. ഇതിനുമുമ്പ് അപേക്ഷ നൽകിയ അപ്പോളോ പവർ ഇൻഫ്രാടെക്കിന് ഈ വർഷം സെപ്റ്റംബറിലും അപ്പോളോ ഡിസ്റ്റിലറീസിന് ജൂൺ മാസം 28നും നൽകിയപ്പോൾ ശ്രീചക്രാ ഡിസ്റ്റിലറീസിന് ജൂലൈ മാസത്തിലുമാമാണ് അനുമതി നൽകിയത്.

അപേക്ഷകൾ വിശദമായി പരിശോധിച്ചാണ് തീരുമാനമെടുത്തതെന്ന് മന്ത്രി പറയുമ്പോഴും ക്രമരഹിതമായി ബ്രൂവറിക്ക് അനുമതി നൽകിയതെന്ന് സർക്കാരും എക്‌സൈസ് വകുപ്പ് വിശദീകരിക്കേണ്ടി വരും. ഇടതുസർക്കാർ അധികാരമേറ്റതു മുതൽ യു.ഡി.എഫിന്റെ ജനപ്രിയ മദ്യനയത്തെ പൊളിച്ചെഴുതാനുള്ള നടപടികൾ ഊർജിതമാക്കിയിരുന്നു. വിവിധ ഘട്ടങ്ങളിലായി മദ്യനിരോധനം നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് അടച്ചു പൂട്ടിയ ബാറുകളിൽ ഭൂരിഭാഗവും തുറന്നു നൽകിയിരുന്നു. ഇതിനുപുറമേയാണ് നിലവിൽ പുതിയ മദ്യഉൽപാദനശാലകൾക്ക് വഴിവിട്ട് അനുമതി നൽകിയിട്ടുള്ളത്.

സംസ്ഥാനത്തിനകത്തും പുറത്തും നിന്നുള്ള മദ്യമുതലാളിമാർ ഈ സാഹചര്യം മുതലെടുത്ത് സർക്കാരിനെ സമീപിച്ചിട്ടുണ്ട്. മദ്യനയം മാറ്റത്തിലൂടെ കോടികളുടെ അഴിമതി നടന്നുവെന്ന വസ്തുത ഇതോടെ മറനീക്കിക്കഴിഞ്ഞു.

-അരവിന്ദ് ബാബു-