സംസ്ഥാന സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമെന്ന് എം.എം ഹസന്‍

Jaihind Webdesk
Tuesday, September 11, 2018

 

കോഴിക്കോട്: സംസ്ഥാനത്തെ പുനരധിവാസ പ്രവർത്തനങ്ങളിൽ സർക്കാർ പരിപൂർണ പരാജയമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസൻ. മുഖ്യമന്ത്രി ഇല്ലാത്ത സാഹചര്യത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ സ്തംഭിച്ചിരിക്കുന്നു. കോഴിക്കോട് ജില്ലാ കോൺഗ്രസ് നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസിന്റെ 1000 വീട് പദ്ധതിയിൽ നല്ല പ്രതികരണമാണ് നേതാക്കളിൽ നിന്നും അണികളിൽ നിന്നും ഉണ്ടായത്. പുനരധിവാസ പ്രവർത്തനങ്ങളിൽ സർക്കാർ സമ്പൂർണ്ണ പരാജയമാണ്. പുനരധിവാസത്തിനായുള്ള തുക പ്രത്യേക ഫണ്ടാക്കി വിനിയോഗിക്കാൻ പോലും സർക്കാരിന് സാധിക്കുന്നില്ല. നേരത്തെ ഫണ്ട് വകമാറ്റി ചെലവഴിച്ച സാഹചര്യമുണ്ടായിരുന്നു. ഇത് ഒഴിവാക്കുന്നതിനാണ് ഫണ്ട് ചെലവഴിക്കുന്നത് സുതാര്യമാവണം എന്ന് ആവശ്യപ്പെട്ടതെന്നും എം.എം ഹസൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ സാന്നിധ്യം ഏറ്റവും അനിവാര്യമായ സമയത്ത് ചുമതല ആരെയും ഏൽപിക്കാത്തത് സംസ്ഥാനത്ത് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. 100 കണക്കിന് വിഷയങ്ങൾ ചീഫ് സെക്രട്ടറിയുടെ മുന്നിൽ കെട്ടിക്കിടക്കുകയാണെന്നും എം.എം ഹസൻ പറഞ്ഞു. എം.കെ രാഘവൻ എം.പി, അഡ്വ. ടി സിദ്ദിഖ്, പി.എം സുരേഷ് ബാബു, മുൻ മന്ത്രി എം.ടി പത്മ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.