കരുണ കണ്ണൂർ സ്പെഷ്യൽ ഓർഡിനൻസ് റദ്ദാക്കികൊണ്ടുള്ള വിധി സ്വാഗതാർഹമെന്ന് കെഎസ്‌യു

Jaihind Webdesk
Thursday, September 13, 2018

കരുണ കണ്ണൂർ മെഡിക്കൽ കോളേജുകളിൽ അനർഹരായ വിദ്യാർത്ഥികളുടെ അഡ്മിഷൻ സാധൂകരിക്കാൻ കേരള സർക്കാർ കൊണ്ടുവന്ന ഓർഡിനൻസ് റദ്ദാക്കിയ സുപ്രീം കോടതി വിധി സ്വാഗതാർഹമെന്ന് കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ കെഎം അഭിജിത്. കഴിഞ്ഞ രണ്ട് വർഷക്കാലമായി കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ കച്ചവടക്കാരെ സംരക്ഷിക്കുന്ന കേരള സർക്കാരിനും ആരോഗ്യമന്ത്രിക്കും ഏറ്റ തിരിച്ചടിയാണ് ഈ കോടതി വിധിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിധി കേരളത്തിലെ ആരോഗ്യ വിദ്യാഭ്യാസം കച്ചവടമാക്കാൻ ശ്രമിക്കുന്ന മാനേജ്മെന്‍റിനുള്ള താക്കീതാണ് . അർഹരായ വിദ്യാർത്ഥികളുടെ അഡ്മിഷൻ സാധൂകരിക്കാൻ സർക്കാർ ഒരിടപെടലും നടത്തിയില്ലെന്നും അനർഹർക്ക് വേണ്ടി കാണിച്ച തിടുക്കത്തിന്‍റെ വ്യഗ്രത സ്വാശ്രയ മുതലാളിമാരെ സംരക്ഷിക്കാനുള്ള താൽപര്യത്തിന്‍റെ ഭാഗമാണെന്നും കേരളത്തിന്‍റെ പൊതു സമൂഹത്തിന് ബോധ്യമായിരിക്കുന്നു. ആരോഗ്യമന്ത്രി സ്ഥാനത്ത് ഇനി ഒരുനിമിഷംപോലും തുടരാൻ കെ കെ ശൈലജക്ക് അർഹതയില്ല. വിദ്യാഭ്യാസ ഓർഡിനൻസിനെതിരെ വിവിധ തലങ്ങളിൽ കെഎസ്‌യു കൈകൊണ്ട നിലപാടിനെ ശരിവെക്കുന്നത് കൂടിയാണ് സുപ്രീംകോടതി വിധിയെന്നും കെ.എം. അഭിജിത്ത് പറഞ്ഞു.