“ദയവ് ചെയത് പുതിയ പ്രശ്നങ്ങൾ ഉണ്ടാക്കി ഞങ്ങളെ വീണ്ടും ഇങ്ങനെ ബുദ്ധിമുട്ടിക്കരുത്. അപേക്ഷയാണ്…! വിശ്രമം ആവിശ്യമാണ്” മന്ത്രി കെ.ടി.ജലീലിനെ ട്രോളി കെ എസ് യു മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്‍റ്

Jaihind News Bureau
Sunday, December 8, 2019

ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലിനെ ട്രോളി കെ എസ് യു മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്‍റ് ഹാരിസ് മൂതൂർ. നിയമനം മാര്‍ക്ക് ദാനം, തുടങ്ങി ഓരോ ദിവസങ്ങളിലായി പുറത്തു വരുന്ന പുതിയ വിവാദങ്ങളുമായി എന്നും നിറഞ്ഞു നില്‍ക്കുകയാണ് മന്ത്രിയെന്നും അതിനെ എതിര്‍ക്കേണ്ടി വരുന്ന വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും പ്രവര്‍ത്തകര്‍ക്കും വിശ്രമം പോലും ലഭിക്കുന്നില്ലെന്നും പരിഹാസരൂപേണ അദ്ദേഹം പറയുന്നു. “ദയവ് ചെയത് പുതിയ പ്രശ്നങ്ങൾ ഉണ്ടാക്കി ഞങ്ങളെ വീണ്ടും ഇങ്ങനെ ബുദ്ധിമുട്ടിക്കരുത്. അപേക്ഷയാണ്…! വിശ്രമം ആവിശ്യമാണ്” എന്ന് പറഞ്ഞ് അവസാനിക്കുന്ന ഫെയ്സ് ബുക്ക് പോസ്റ്റ് മന്ത്രി ജലീലിനുള്ള കത്തിന്‍റെ രൂപത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം :

From
Haris Mudur
KSU District President
Malappuram

To
Dr.KT Jaleel
Higher Education Minister
Kerala

സുഖമെന്ന് കരുതുന്നു, എളിയവൻ ജില്ലാ കെ.എസ്.യു കമ്മിറ്റിയുടെ പ്രസിഡണ്ടായിട്ടു രണ്ട് വർഷം കഴിഞ്ഞു.ഈ കാലയളവിനുള്ളിൽ എന്നെ ഏറെ ബുദ്ധിമുട്ടിച്ച വ്യക്തി താങ്കളാണ്.. എനിക്കും എന്‍റെ സഹപ്രവർത്തകർക്കും ഒരു വിശ്രമവും താങ്കൾ തരുന്നില്ല, ഇത് താങ്കൾ മനപൂർവ്വം ചെയ്യുന്നതാണോ എന്ന് പോലും ഞാൻ സംശയിക്കുന്നുണ്ട്. ഒരു ഡസനിൽ കൂടുതൽ തവണയാണ് ഞങ്ങൾക്ക് താങ്കൾ മൂലം സമരം സംഘടിപ്പിക്കേണ്ടി വന്നത്. ഒരുപാട് തവണ പോലീസിന്‍റെ ക്രൂരമർദ്ദനങ്ങൾക്ക് താങ്കൾ മൂലം വിധേയനാകേണ്ടി വന്നു, ജയിൽവാസവും താങ്കൾ എനിക്കും സഹപ്രവർത്തകർക്കും സമ്മാനിച്ചു.

ഒരു സമരം സംഘടിപ്പിക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട് താങ്കൾക്ക് അറിയില്ലേ..? നിങ്ങൾ യൂത്ത്ലീഗിന്റെ സംസ്ഥാന പ്രസിഡണ്ടൊക്കെ ആയതല്ലേ… സാമ്പത്തികം ഉണ്ടാക്കണം.. ആളെ കൂട്ടണം.. പോലീസിന്റെ തല്ലു വേടിക്കണം.. ജയിലിൽ കിടക്കണം.. പിന്നെ കേസും നടത്തണം. ഇതൊക്കെ നന്നായി അറിയുന്ന താങ്കൾ എന്തിനാ ഇങ്ങനെയൊക്കെ ചെയ്യുന്നത്..? ദൈവം ചോദിക്കും നിങ്ങളോട്.

ചങ്ക് ചങ്ങാതിമാരൊടപ്പം ഒന്ന് ടൂർ പോകാൻ പോലും താങ്കൾ മൂലം കഴിയുന്നില്ല.

വളരെ അടുത്ത ചങ്ങാതിയുടെ കല്യാണമായിരുന്നു ഇന്നലെ അതിനും പോകാൻ നിങ്ങൾ സമ്മതിച്ചില്ല, ഇന്നലെ ഞങ്ങൾ കുറച്ചു പേർ നിങ്ങളുടെ വീടിന്റെ അടുത്ത് വന്നിരുന്നു.. അവിടെ മുഴുവൻ പോലീസായിരുന്നു.

ദയവ് ചെയത് പുതിയ പ്രശ്നങ്ങൾ ഉണ്ടാക്കി ഞങ്ങളെ വീണ്ടും ഇങ്ങനെ ബുദ്ധിമുട്ടിക്കരുത്. അപേക്ഷയാണ്…!

വിശ്രമം ആവിശ്യമാണ്.

എന്ന്
സ്നേഹത്തോടെ
ഹാരിസ് മൂതൂർ
ഒപ്പ്.