എന്‍.ഐ.എ സംഘം ഇ.ഡി ഓഫീസില്‍ ; ജലീലിന്‍റെ മൊഴിയുടെ വിശദാംശങ്ങള്‍ പരിശോധിക്കുന്നു

Jaihind News Bureau
Wednesday, September 16, 2020

 

കൊച്ചി: മന്ത്രി കെ.ടി.ജലീലിന്‍റെ മൊഴിയുടെ വിശദാംശങ്ങള്‍ എന്‍.ഐ.എ. പരിശോധിക്കുന്നു. ഇതിനായി എന്‍.ഐ.എ സംഘം കൊച്ചി എന്‍ഫോഴ്സ്മെന്‍റ് ഓഫിസിലെത്തി.  സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ മന്ത്രി കെ.ടി ജലീലിനെ വീണ്ടും ചോദ്യംചെയ്യുമെന്ന് എൻഫോഴ്സ്മെൻറ് മേധാവി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എന്‍ഐഎ നടപടി.

ജലീലിന്‍റെ മൊഴികളിൽ വൈരുദ്ധ്യമെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പറഞ്ഞിരുന്നു. മൊഴി അവലോകനം ചെയ്ത ശേഷമാണ് ഇ.ഡി ഈ നിഗമനത്തിൽ എത്തിച്ചേർന്നത്. മന്ത്രിയെ വീണ്ടും ചോദ്യം ചെയ്യുന്നതിനുള്ള നടപടികളും ഇ.ഡി ആരംഭിച്ചു. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി നൽകിയ മൊഴി ഉന്നത ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോഴാണ് വൈരുദ്ധ്യങ്ങൾ കണ്ടെത്തിയത്.

നയതന്ത്ര ചാനൽ വഴി മതഗ്രന്ഥം എത്തിയതുമായി ബന്ധപ്പെട്ട് മന്ത്രിയോട് ഇ.ഡി ഉദ്യോഗസ്ഥർ വിശദീകരണം ആവശ്യപ്പെട്ടതിന്‍റെ ഭാഗമായി ഇതു സംബന്ധിച്ച വിശദീകരണക്കുറിപ്പ് മന്ത്രി എഴുതി നൽകിയിട്ടുണ്ട്. ഇത് പരിശോധിച്ച എൻഫോഴ്സ്മെൻ്റ് ഉന്നത ഉദ്യോഗസ്ഥർ മൊഴികളിൽ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതേ തുടർന്നാണ് ജലീലിനെ വീണ്ടും ചോദ്യം ചെയ്യാൻ ഇഡി ഒരുങ്ങുന്നത്.