ചോദ്യം ചെയ്യലിനായി മന്ത്രി കെ.ടി. ജലീല്‍ എന്‍.ഐ.എ. ഓഫീസില്‍

Jaihind News Bureau
Thursday, September 17, 2020

സ്വർണക്കടത്ത് കേസിൽ ചോദ്യം ചെയ്യലിനായി മന്ത്രി കെ.ടി.ജലീൽ കൊച്ചി എൻ.ഐ.എ ഓഫീസിൽ ഹാജരായി. കൊച്ചിയിലെ ഓഫീസിലാണ് ഹാജരായത്. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് കേന്ദ്ര ഏജന്‍സികളുടെ ചോദ്യംചെയ്യലിനായി മന്ത്രി ഹാജരാകുന്നത്. സ്വകാര്യ വാഹനത്തിലാണ് മന്ത്രി എന്‍ഐഎ ഓഫീസില്‍ എത്തിയത്.

അന്വേഷണസംഘം വിളിപ്പിച്ചതിനെത്തുടര്‍ന്ന് പുലർച്ചെ 1.30ന് കളമശ്ശേരിയില്‍ എത്തിയ ജലീല്‍ രാവിലെ ആറുമണിയോടെയാണ് ചോദ്യം ചെയ്യലിന് എത്തിയത്. മുന്‍ എം.എല്‍.എ.യും സിപിഎം നേതാവുമായ എ.എം. യൂസഫിന്‍റെ ഉടമസ്ഥതയിലുള്ള വാഹനത്തിലാണ് കെ.ടി. ജലീല്‍ ചോദ്യം ചെയ്യലിന് ഹാജരായത്.

മതഗ്രന്ഥം എത്തിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ പ്രതിഷേധങ്ങളുടെ അടിസ്ഥാനത്തില്‍ വന്‍ പൊലീസ് സന്നാഹമാണ് ഓഫീസിന് പുറത്ത് ഒരുക്കിയിട്ടുള്ളത്. കൊച്ചി എൻ.ഐ.എ ഓഫീസിന് ചുറ്റുമുള്ള നാല് വഴികളും ബാരിക്കേഡ് സ്ഥാപിച്ച് പോലീസ് അടച്ചു. അസിസ്റ്റൻ്റ് കമ്മീഷണർ ലാൽജിയുടെ നേതൃത്വത്തിൽ നൂറ് കണക്കിന് പോലീസുകാരാണ് സുരക്ഷയൊരുക്കുന്നത്. യുവജന സംഘടനകളുടെ പ്രതിഷേധം ഭയന്നാണ് പൊലീസ് നടപടി. 6 സിഐമാരും 10 പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള പൊലീസുകാരുമാണ് എൻ.ഐ.എ ഓഫീസിന് മുന്നിൽ സുരക്ഷ ഒരുക്കുന്നത്.

https://www.facebook.com/JaihindNewsChannel/videos/984624218628012/

സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾ നശിപ്പിച്ച ഡിജിറ്റൽ തെളിവുകൾ വീണ്ടെടുത്തതിന് പിന്നാലെ എൻ.ഐ.എ സംഘം എൻഫോഴ്സ്മെന്‍റ് ഓഫീസിലെത്തി മന്ത്രി കെ.ടി ജലീൽ, ബിനീഷ് കോടിയേരി തുടങ്ങിയവരുടെ മൊഴികൾ പരിശോധിച്ചിരുന്നു. ഉന്നത വ്യക്തികളിലേക്ക് എൻ.ഐ.എ വലവിരിക്കുന്നതിന്‍റെ മുന്നോടിയായാണ് മൊഴികൾ പരിശോധിച്ചതെന്നാണ് വിവരം.