പി.വി.സിന്ധുവിന് കേരള ഒളിമ്പിക് അസോസിയേഷന്‍റെ ആദരം; 10 ലക്ഷം രൂപ ക്യാഷ് അവാർഡായി നല്‍കും

Jaihind News Bureau
Friday, September 20, 2019

PV-Sindhu-1

പി.വി.സിന്ധുവിന് കേരള ഒളിമ്പിക് അസോസിയേഷന്‍റെ ക്യാഷ് അവാർഡ്. 10 ലക്ഷം രൂപയാണ് ക്യാഷ് അവാർഡായി പി വി സിന്ധുവിന് കേരള ഒളിമ്പിക് അസോസിയേഷൻ നൽകുന്നത്.

കഴിഞ്ഞ മാസം സ്വിറ്റ്സർലാൻഡിൽ സമാപിച്ച ലോക ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പിൽ വനിതാ സിംഗിൾസ് ചാമ്പ്യൻ ആയ പി.വി സിന്ധുവിന് ക്യാഷ് അവാർഡ് നൽകി ആദരിക്കുമെന്ന് കേരള ഒളിമ്പിക് അസോസിയേഷൻ അറിയിച്ചു. ഇന്ത്യൻ ബാഡ്മിന്‍റൺ ചരിത്രത്തിലാദ്യമായി ലോക ചാമ്പ്യൻ ആയി തെരഞ്ഞെടുക്കപ്പെട്ട പി വി സിന്ധുവിന് ഒക്ടോബർ മാസം ഒമ്പതാം തീയതി തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ ക്യാഷ് അവാർഡ് സമ്മാനിക്കും എന്നും കേരള ഒളിമ്പിക് അസോസിയേഷൻ അറിയിച്ചു

പി വി സിന്ധുവിനെ ആദരിക്കുന്ന ചടങ്ങിന്‍റെ ഭാഗമായി സെൻട്രൽ സ്റ്റേഡിയത്തിൽ വൻ സന്നാഹമാണ് കേരള ഒളിമ്പിക് അസോസിയേഷൻ ഒരുക്കുന്നത്. ചടങ്ങിനോടനുബന്ധിച്ച് കേരള ഒളിമ്പിക് അസോസിയേഷന്‍റെ ഓൺലൈൻ സ്പോർട്സ് ചാനലിന്‍റെയും വെബ്സൈറ്റിന്‍റെയും ഉദ്ഘാടനവും നിർവഹിക്കും. ഇന്ത്യൻ കായിക രംഗത്ത് തന്നെ ആദ്യമായിട്ടാണ് പ്രാദേശിക ഭാഷയിൽ ഒരു സമ്പൂർണ ഓൺലൈൻ സ്പോർട്സ് ചാനൽ തുടങ്ങുന്നത് എന്ന പ്രത്യേകതയും അസോസിയേഷൻ ഒരുക്കുന്ന ഈ ചാനലിനുണ്ട്.