പി.വി സിന്ധുവിന് ലോക ബാഡ്മിന്‍റണ്‍ കിരീടം ; സിന്ധുവിന് ഇത് അഭിമാനനേട്ടം, മധുരപ്രതികാരം

Jaihind Webdesk
Sunday, August 25, 2019

ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന് കിരീടം. ജാപ്പനീസ് താരം നൊസോമി ഒകുഹാരയെ ആധികാരികമായി തോല്‍പിച്ചാണ് സിന്ധു കന്നിക്കിരീടം ചൂടിയത്. ഇതോടെ ലോക കിരീടം ചൂടുന്ന ആദ്യ ബാഡ്മിന്‍റണ്‍ താരമെന്ന ബഹുമതിയും സിന്ധു സ്വന്തമാക്കി.

മധുരപ്രതികാരം കൂടിയാണ് സിന്ധുവിന് ഈ വിജയം. രണ്ട് വര്‍ഷം മുന്‍പ് നൊസോമി ഒകുഹാരയോട് കീഴടങ്ങിയതിന്‍റെ കണക്കുതീര്‍ക്കുകയും ചെയ്തു സിന്ധു. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഒരു ഇന്ത്യന്‍ താരത്തിന്‍റെ ആദ്യ കിരീട നേട്ടമാണിത്. വിജയത്തില്‍ അതിയായ സന്തോഷമെന്ന് സിന്ധു പ്രതികരിച്ചു. ഗ്ലാസ്ഗോയിലും നാൻജിംഗിലും കൈവിട്ട കിരീടമാണ് ഇത്തവണ സ്വിറ്റ്സർലൻഡിലെ ബാസലിൽ സിന്ധു സ്വന്തമാക്കിയത്.

ആദ്യ രണ്ട് ഗെയിമുകളും ആധികാരികമായി നേടിയാണ് സിന്ധു കിരീടം സ്വന്തമാക്കിയത്. കളം നിറഞ്ഞു കളിച്ച സിന്ധു എതിരാളിക്ക് യാതൊരു അവസരവും നൽകാതെയാണ് രാജകീയ ജയം സ്വന്തമാക്കിയത്. സിന്ധുവിന്‍റെ  കരിയറിലെ അഞ്ചാം മെഡല്‍ നേട്ടമാണിത്. രണ്ട് വെള്ളിയും രണ്ട് വെങ്കലവുമാണ് നേരത്തെ സിന്ധുവിന്‍റെ നേട്ടം. സ്‌കോര്‍: 21-7, 21-7.