കെവിന്‍ വധക്കേസ്: സാക്ഷിക്കെതിരെ കോടതിക്കുള്ളിൽ ഭീഷണി

Jaihind Webdesk
Friday, April 26, 2019

കെവിൻ വധകേസ് വിചാരണക്കിടെ നിർണായക വെളിപ്പെടുത്തൽ നടത്തിയ സാക്ഷിക്കെതിരെ കോടതിക്കുള്ളിൽ ഭീഷണി. നാലാം പ്രതി നിയാസിനെ തിരച്ചറിയുന്ന ഘട്ടത്തിൽ എട്ടാം പ്രതിയാണ് ആംഗ്യത്തിലൂടെ ഭീഷണിപ്പെടുത്തിയത്.  കെവിൻ കൊല്ലപ്പെട്ടെന്ന് മുഖ്യപ്രതി അറിയിച്ചതായി ഇരുപത്തിയാറാം സാക്ഷി ലിജോ കോടതിയെ അറിയിച്ചു. കേസിൽ നാളെയും വാദം തുടരും.

കെവിനുമായുള്ള ബന്ധം നീനുവിന്റെ വീട്ടിൽ അറിഞ്ഞതിനെ തുടർന്നുണ്ടായ സംഭവങ്ങളിലാണ് പ്രോസിക്യൂഷൻ ലിജോയിൽ നിന്ന് ആദ്യം വ്യക്തത തേടിയത്. തട്ടിക്കൊണ്ടുപോയ കെവിൻ കൊല്ലപ്പെട്ട വിവരം ഷാനു ചാക്കോ ഫോൺ മുഖേന അറിയിച്ചതായി ലിജോ മൊഴി നല്കി. കൊല നടന്ന് രണ്ട് മണിക്കൂറിനകം ആയിരുന്നു ഷാനു വിളിച്ചതെന്നും പറഞ്ഞു. ഗൂഢാലോചന തെളിയിക്കാവുന്ന വിശദാംശങ്ങളും ലിജോയുടെ മൊഴിയിൽ ഉണ്ടായിരുന്നു. കെവിനും നീനുവും രജിസ്റ്റർ മാരേജ് ചെയ്ത വിവരം അറിഞ്ഞെത്തിയ പിതാവ് ചാക്കോ, നീനുവിനെ പിടിച്ചുവലിച്ച് വാഹനത്തിൽ കയറ്റാൻ ശ്രമിച്ചെന്നും കെവിൻ തടഞ്ഞുവെന്നും ലിജോ മൊഴിനൽകി. കെവിൻറെ ഒപ്പം പോകാനാണ് ആണ് താൽപര്യമെന്ന് നീനു അറിയിച്ചതോടെ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ എഴുതി വെച്ച ശേഷം നീനുവിനെ കെവിന്റെയൊപ്പം അയച്ചു. ഇവരുടെ ബന്ധത്തിന് എതിരുനിന്ന നീനുവിന്റെ സഹോദരൻ ഷാനു ചാക്കോയുടെ ആവശ്യ പ്രകാരം കെവിൻറെ ചിത്രങ്ങൾ വാട്സപ്പിൽ അയച്ചു നൽകിയതായും ലിജോ സമ്മതിച്ചു. ചിത്രങ്ങൾ കണ്ടയുടൻ കെവിൻ തീർന്നുവെന്ന് ഷാനു മറുപടി നൽകിയതായും മൊഴിയുണ്ട്.

നാലാം പ്രതിയായ നിയാസിനെ തിരിച്ചറിയുന്ന ഘട്ടത്തിൽ പ്രതിക്കൂട്ടിൽ ഒപ്പം നിന്നിരുന്ന എട്ടാം പ്രതി ആംഗ്യത്തിലൂടെ ഭീഷണിപ്പെടുത്തിയതായി സാക്ഷി ലിജോ കോടതിയിൽ പരാതിപ്പെട്ടു. കോടതിക്ക് അകത്തും പുറത്തും ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് പ്രതി ഭാഗത്തിന് കോടതി താക്കീത് നൽകി. ഒപ്പം സാക്ഷികൾക്ക് സുരക്ഷ ഉറപ്പാക്കാനും ഉചിതമായ നടപടികളുമായി മുന്നോട്ടു പോകാനും പ്രോസിക്യൂഷന് നിർദ്ദേശം നൽകുകയും ചെയ്തു. ലിജോയുടെയും മുഖ്യ സാക്ഷി അനീഷിന്റെയും വിസ്താരം പൂർത്തിയായി.

കെവിൻ കൊല്ലപ്പെടുന്നതിന് രണ്ടു ദിവസം മുമ്പ് നീനുവിന്റെ പിതാവ് ചാക്കോ കോട്ടയത്തെത്തിയതു ലിജോയോടൊപ്പമാണ്. കേസിലെ മുഖ്യപ്രതി ഷാനു, രണ്ടാം പ്രതി നിയാസ്, നാലാം പ്രതി റിയാസ് എന്നിവരെ ലിജോ തിരിച്ചറിഞ്ഞു. അതേസമയം, കേസിലെ മുഖ്യസാക്ഷി അനീഷിന്റെ വിസ്താരം പൂർത്തിയായി. പ്രതികൾ കെവിനെ തട്ടിക്കൊണ്ടു പോകാനുപയോഗിച്ച മൂന്ന് വാഹനങ്ങളും അനീഷ് തിരിച്ചറിഞ്ഞു.