മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചു

Jaihind Webdesk
Sunday, October 13, 2019

ഹോളി ഫാമിലി സന്യാസിനി സമൂഹത്തിന്‍റെ സ്ഥാപകയും കുടുംബത്തിന്‍റെ മധ്യസ്ഥയുമായ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചു. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്‌സ് ചത്വരത്തിൽ നടന്ന ശുശ്രൂഷകൾക്ക് ഫ്രാൻസിസ് മാർപാപ്പ നേതൃത്വം നൽകി.

എവുപ്രാസ്യമ്മയ്ക്കും ചാവറ അച്ചനും അൽഫോൻസാമ്മയ്ക്കും പിന്നാലെ കേരള കത്തോലിക്കാ സഭയ്ക്ക് ഒരു പുണ്യവതിയെ കൂടിയെ ലഭിച്ചിരിക്കുകയാണ്. ഭാരത സഭയ്ക്കും കേരള സഭയ്ക്കും അഭിമാന മുഹൂർത്തം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 നായിരുന്നു വത്തിക്കാൻ സെന്‍റ് പീറ്റേഴ്‌സ് ചത്വരത്തിൽ ഫ്രാൻസിസ് മാർപ്പായുടെ നേതൃത്വത്തിൽ ചടങ്ങുകൾ ആരംഭിച്ചത്. മറിയം ത്രേസ്യയ്ക്കൊപ്പം കർദിനാൾ ജോൺ ഹെൻറി ന്യൂമാൻ, സിസ്റ്റർ ജിയൂസിപ്പിന വന്നിനി, സിസ്റ്റർ മാർഗിരിറ്റ ബേയ്‌സ, സിസ്റ്റർ ഡൽസ് ലോപ്പേസ് പോന്തേസ് എന്നിവരെയും മാർപാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു.

ഇതോടെ കത്തോലിക്കാ സഭയിലെ വിശുദ്ധരുടെ ഗണത്തിൽ ഇന്ത്യക്കാരുടെ എണ്ണം അഞ്ചായി ഉയർന്നു. കൊൽക്കത്തയിലെ അഗതികളുടെ അമ്മയായ മദർ തെരേസയാണ് ഇന്ത്യയിൽനിന്ന് ആദ്യം വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ടത്. പിന്നീട് ഭരണങ്ങാനത്തിന്‍റെ മണ്ണിൽനിന്ന് അൽഫോൻസാമ്മ വിശുദ്ധയായി. ജീവിത വിശുദ്ധി കൊണ്ട് ലോകത്തിന് സുഗന്ധമായി മാറിയ ചാവറയച്ചനും എവുപ്രാസ്യമ്മയും 2014 ൽ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ടു.

മറിയം ത്രേസ്യയടക്കം 5 പേരുടെയും ജീവചരിത്രം വിവിധ ഭാഷകളിൽ വായിച്ചതിനുപിന്നാലെ മാർപാപ്പ ലത്തീൻ ഭാഷയിൽ വിശുദ്ധപദവി പ്രഖ്യാപനം നടത്തി. തുടർന്ന് ബന്ധുക്കൾ, സഭയിലെ മേലധികാരികൾ, മറിയം ത്രേസ്യയുടെ മധ്യസ്ഥത്താൽ രോഗസൗഖ്യം ലഭിച്ച ക്രിസ്റ്റഫർ എന്നിവർ പ്രദക്ഷിണമായെത്തി വിശുദ്ധരുടെ തിരുശേഷിപ്പ് അൾത്താരയിൽ വച്ചു. ഈ തിരുശേഷിപ്പ് മാർപാപ്പ പരസ്യമായി വണങ്ങിയതോടെ ലോകമെങ്ങുമുള്ള ദേവാലയങ്ങളിൽ മറിയം ത്രേസ്യ ഉൾപ്പെടെ 5 വിശുദ്ധരെയും പരസ്യമായി വണങ്ങാനുള്ള അംഗീകാരമായി. മറിയം ത്രേസ്യയുടെ മാതൃരൂപതയായ ഇരിങ്ങാലക്കുട മെത്രാൻ മാർ പോളി കണ്ണൂക്കാടൻ വിശുദ്ധ പദവി പ്രഖ്യാപന ചടങ്ങിൽ സഹകാർമികനായിരുന്നു. മലയാളികളടക്കം ആയിരക്കണക്കിന് വിശ്വാസികൾ ഈ ചരിത്രനിമിഷത്തിന് സാക്ഷികളായി.