പൗരത്വ നിയമം : ഭരണഘടനാ പദവി മറന്ന് വെറും ബി.ജെ.പിക്കാരനായി, കോണ്‍ഗ്രസിനെതിരെ വിമർശനം ഉന്നയിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ | Video

Jaihind News Bureau
Saturday, December 21, 2019

പൗരത്വ ഭേദഗതി നിയമത്തിൽ കേന്ദ്ര സർക്കാരിന് ഓശാന പാടി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വീണ്ടും രംഗത്ത്. കേന്ദ്രത്തെ ന്യായീകരിക്കുന്നതിനൊപ്പം മുഖ്യപ്രതിപക്ഷമായ കോൺഗ്രസിനെതിരെയും ഭരണഘടനാ പദവി വഹിക്കുന്ന ആരിഫ് മുഹമ്മദ് ഖാൻ രൂക്ഷ വിമർശനങ്ങളാണ് നടത്തുന്നത്. മോദി സർക്കാർ
സംഘപരിവാർ വിലാസം സ്ഥാപനമാക്കി മാറ്റിയ തീൻ മൂർത്തി മെമ്മോറിയല്‍ ലൈബ്രറി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തായിരുന്നു കേരള ഗവർണറുടെ കോണ്‍ഗ്രസിനെതിരായ വിമർശനം.

വേദി ഡൽഹിയിലെ ദ നെഹറു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി. ‘സിറ്റിസൺഷിപ്പ് : ഇൻസ്റ്റിറ്റ്യൂഷണൽ ആൻഡ് സിവിലൈസേഷണൽ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുക ആയിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തുടങ്ങിയത് ഇരിക്കുന്ന പദവിയുടെ മഹത്വം പറഞ്ഞ്.

പിന്നീട് പ്രഭാഷണത്തിലുടനീളം ലോക്സഭയിൽ അമിത് ഷാ പൗരത്വ ഭേദഗതി ബിൽ അവതരിപ്പിച്ചപ്പോൾ കോൺഗ്രസിനെ വിമർശിച്ചതിന്‍റെ നാലിരട്ടി ശക്തിയാലായിരുന്നു വിമർശനം. ഓരോ കാലഘട്ടങ്ങളിലും അന്നത്തെ സാമൂഹിക വ്യവസ്ഥിതികൾക്ക് അനുസരിച്ച് കോൺഗ്രസ് സ്വീകരിച്ച നിലപാടുകളെ ഇന്നത്തെ സാമൂഹിക സാഹചര്യങ്ങളോട് കൂട്ടി വായിച്ച് ഗവർണർ ബി.ജെ.പി ക്ക് രാഷ്ട്രീയ മൈലേജ് ഉണ്ടാക്കിക്കൊടുത്തു. സ്ഥാനമാനങ്ങൾ മറന്ന് ഒരു നിമിഷം ഗവർണർ ബി.ജെ.പി നേതാവിലേക്ക് തരം താണു.

രാജ്യത്തെ യുവജനങ്ങളും പ്രതിഷേധക്കാരും മൊത്തത്തിൽ തെറ്റിദ്ധരിക്കപ്പെട്ടു എന്ന് പോലും ഗവർണർ പറഞ്ഞു കളഞ്ഞു. പൗരത്വ ഭേദഗതി നിയമത്തെ വെള്ളപൂശാന്‍ അയൽ രാജ്യങ്ങളിലെ ന്യൂന പക്ഷങ്ങൾക്ക് പൗരത്വം നൽകണമെന്ന മുൻ പ്രധാന മന്ത്രി ഡോ. മൻമോഹൻ സിംഗിന്‍റെ രാജ്യസഭയിലെ പ്രസംഗത്തെ വരെ ഉയർത്തിക്കാട്ടി. ഭരണഘടനാ പദവിയിൽ തുടരുന്ന ഗവർണറുടെ നിഷ്പക്ഷതയുടെ മുഖം മൂടി അഴിഞ്ഞു വീഴുന്ന കാഴ്ചയ്ക്കാണ് ഡൽഹി നെഹ്റു മ്യൂസിയം സാക്ഷ്യം വഹിച്ചത്.