കണ്ണൂര്‍ പിടിക്കാന്‍ കെ സുധാകരന്‍; പോരാട്ടം മുറുകുന്നു

Jaihind Webdesk
Sunday, April 7, 2019

K-Sudhakaran

ലോക്സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ കണ്ണൂരിൽ പോരാട്ടം മുറുകുന്നു. കണ്ണുർ സീറ്റ് പിടിച്ചെടുക്കാനായി യു.ഡി.എഫ് സ്ഥാനാർത്ഥി കെ സുധാകരനും, കണ്ണൂർ നിലനിർത്താൻ പി.കെ ശ്രീമതിയും തമ്മിലാണ് പോരാട്ടം. കഴിഞ്ഞ തവണ ലഭിച്ച വോട്ട് നിലനിർത്താനുള്ള കഠിന പ്രയത്നത്തിലാണ് ബിജെപി.

ലോക്സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ വടക്കൻപോരിന്‍റെ എല്ലാ തന്ത്രവും പയറ്റുന്ന തെരഞ്ഞെടുപ്പ് കാഴ്ചയാണ് കണ്ണൂരിൽ കാണാൻ കഴിയുന്നത്. കേരളത്തിലെ എല്ലാ തെരഞ്ഞെടുപ്പ് ചൂടും അതിന്‍റെ ഉച്ചത്തിൽ നിൽക്കുന്നത് കണ്ണൂരിലാണ്. കണ്ണുരിൽ വിജയപതാക പാറിക്കാനായി യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കെ സുധാകരൻ  സർവശക്തിയും സമാഹരിച്ചുള്ള പ്രചാരണമാണ് നടത്തുന്നത്. കോൺഗ്രസ്സിന്‍റെ ശക്തികേന്ദ്രങ്ങൾ മുതൽ സി.പി.എമ്മിന്‍റെ പാർട്ടി ഗ്രാമങ്ങളിൽ വരെ കെ സുധാകരൻ ഇതിനകം പര്യടനം നടത്തി കഴിഞ്ഞു. യു.ഡി.എഫിന്‍റെ മുഴുവൻ ഘടകകക്ഷികളും കെ സുധാകരന് വേണ്ടി രംഗത്ത് ഇറങ്ങിട്ടുണ്ട്. മുസ്ലിം ലീഗിന്‍റെ ശക്തികേന്ദ്രങ്ങളിൽ ലീഗ് പ്രവർത്തകരിലെ ആവേശം കെ സുധാകരന് പ്രതീക്ഷ നൽകുന്നതാണ്.

എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ പി.കെ ശ്രീമതി  പ്രചാരണത്തിന്‍റെ തുടക്കത്തിൽ നേടിയ മുൻതൂക്കം നഷ്ടമാകുന്ന കാഴ്ചയാണ് വോട്ടെടുപ്പ് അടുക്കുമ്പോൾ  കാണാൻ കഴിയുന്നത്. വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി ജയരാജന് വേണ്ടി കണ്ണൂരിലെ അണികൾ വടകരയിൽ പ്രചാരണത്തിന് പോയത് പി.കെ ശ്രീമതിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തിരിച്ചടിയായിട്ടുണ്ട്.കെ സുധാകരനെ എതിരിടാൻ ഇക്കുറിയും അപരൻമാരെ ഇറക്കിയുള്ള തന്ത്രവും സി.പി.എം പയറ്റുന്നുണ്ട്. മൂന്ന് അപരൻമാരെയാണ് സി.പി.എം രംഗത്ത് ഇറക്കിട്ടുള്ളത്. കെ സുധാകരന് എതിരെ രണ്ട് അപരൻമാരെ രംഗത്ത് ഇറക്കിയത് സി.പി.എം ആണെങ്കിൽ മറ്റൊരു അപരനെ രംഗത്ത് ഇറക്കിയത് ബി.ജെ.പിയാണെന്നത് സൂക്ഷ്മ പരിശോധനാവേളയിൽ തെളിഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടുകൾ നിലനിർത്താനുള്ള പ്രയത്നത്തിലാണ് ബി.ജെ.പി സ്ഥാനാർത്ഥി സി.കെ പത്മനാഭൻ.