വടകരയില്‍ മുരളി പട നയിക്കുമ്പോള്‍ പോരാട്ടം തീപാറും

Jaihind Webdesk
Tuesday, March 19, 2019

കടത്തനാടിന്‍റെ മണ്ണിൽ അങ്കം കുറിക്കാനുള്ള നിയോഗം കെ മുരളീധരന് വന്നുചേർന്നത് വടകരയിലെ വോട്ടർമാരുടെ സമ്മർദവും ശക്തമായ വികാരവുമാണ്. സി.പി.എം നേതാവ് പി ജയരാജനെ മലർത്തി അടിക്കണമെങ്കിൽ കെ മുരളീധരന്‍റെ പൂഴിക്കടകൻ അടവുകൾ തന്നെ വേണം എന്നാണ് വടകരയിലെ ജനാധിപത്യ വിശ്വാസികളും ആവശ്യപ്പെട്ടത്. സി.പി.എമ്മിന്‍റെ അക്രമരാഷ്ട്രീയത്തിനെതിരെ സമാധാനത്തിന്‍റെ കരുത്തുറ്റ പോരാളിയായി മുരളി എത്തുമ്പോള്‍ വടകരയില്‍ ശക്തമായ മത്സരത്തിന്‍റെ കാഹളമാണ് മുഴങ്ങുന്നത്.

വടകരയിൽ അങ്കത്തിന് കെ മുരളീധരന്‍ ഇറങ്ങുമ്പോൾ കേരളം ചർച്ച ചെയ്യപ്പെടുന്ന, തീ പാറുന്ന പോരാട്ടമായിരിക്കും നടക്കുക. കെ മുരളീധരന്‍റെ സ്ഥാനാർഥിത്വം കൊലപാതക രാഷ്ട്രീയത്തിനെതിരെ മലബാർ മേഖലയിൽ സമാധാനത്തിന്‍റെ സന്ദേശം ആയി മാറും. അരിയിൽ ഷുക്കൂറിന്‍റെയും ഷുഹൈബിന്‍റെയും ഒടുവിൽ പെരിയയിലെ കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും ദീപ്തമായ ഓർമകൾക്കു മുന്നിലാണ് മലബാറിലെ ജനാധിപത്യ വിശ്വാസികളും കോൺഗ്രസ് പ്രവർത്തകരും യു.ഡി.എഫ് പ്രവർത്തകരും.

കോൺഗ്രസിന്‍റെ സ്ഥാനാർഥി നിർണയത്തിൽ പല പേരുകൾ ഉയർന്നുവന്നെങ്കിലും സി.പി.എം കോട്ട തകര്‍ത്ത് പി ജയരാജനെ നിലംപരിശാക്കാന്‍ കരുത്തനായ സ്ഥാനാര്‍ഥി എന്ന നിലയില്‍ കെ മുരളീധരനിലേക്ക് നേതൃത്വം എത്തുകയായിരുന്നു.ആദ്യ തവണ സാമൂതിരിയുടെ മണ്ണില്‍ പട നയിച്ചായിരുന്നു കോഴിക്കോട് നിന്നും കെ മുരളീധരന്‍ ലോക്സഭയിലേക്ക് നടന്നുകയറിയത്.കോഴിക്കോട് മണ്ഡലത്തില്‍ എം.പി എന്ന നിലയില്‍ മുരളീധരന്‍റെ പ്രവർത്തനകാലഘട്ടം വികസനചരിത്രത്തില്‍ അടയാളം തീര്‍ത്തതായിരുന്നു. വാക്കുകള്‍ കൊണ്ട് രാഷ്ട്രീയ എതിരാളികളെ നേരിടുന്ന മുരളീധരന്‍റെ മികവും പ്രബുദ്ധമായ വടകര മണ്ഡലത്തില്‍ മുരളീധരന് അനുകൂലമായ വിധിയെഴുത്തായിരിക്കുമെന്നാണ് വടകരയുടെ രാഷ്ട്രീയ പണ്ഡിതന്മാർ രേഖപ്പെടുത്തുന്നതും.

കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ ചാണക്യനായ കെ കരുണാകരന്‍റെ പുത്രന്‍ കടത്തനാടിന്‍റെ മണ്ണില്‍ സി.പി.എമ്മിനെതിരെ പട നയിക്കുമ്പോള്‍ അത് എതിരാളികള്‍ക്ക് കടുത്ത വെല്ലുവിളിയാകും. മുരളിയുടെ കരുത്തില്‍ വടകരയിലെ മത്സരം കോണ്‍ഗ്രസിന്‍റെയും യു.ഡി.എഫിന്‍റെ കൈക്കരുത്തായി മാറുകയും ചെയ്യും.

teevandi enkile ennodu para