ആഗോള കത്തോലിക്കാ സഭയ്ക്ക് പുതിയ ഇടയനായി യുഎസില്‍നിന്നുള്ള കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രവോസ്റ്റയെ പുതിയ മാര്‍പാപ്പയായി ഇന്നലെ തിരഞ്ഞെടുത്തിരുന്നു. യുഎസില്‍നിന്നുള്ള ആദ്യ മാര്‍പാപ്പയാണ് ഇദ്ദേഹം. പുതിയ മാര്‍പ്പാപ്പ ലിയോ പതിനാലാമന്‍ എന്നറിയപ്പെടും. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി അദ്ദേഹത്തിന് ആശംസകള്‍ അറിയിച്ചു. തന്റെ ഔഗിക ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ആശംസകള്‍ അറിയിച്ചത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ആഗോള കത്തോലിക്കാ സഭയുടെ പുതിയ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ലിയോ പതിനാലാമന്‍ പാപ്പായ്ക്ക് സ്നേഹം നിറഞ്ഞ പ്രാര്‍ത്ഥനാശംസകള്‍. സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ കാത്തുനിന്ന വിശ്വാസികളോട് സമാധാനം നിങ്ങള്‍ക്കൊപ്പം ഉണ്ടാകട്ടെ എന്ന് ആശിര്‍വദിച്ച മാര്‍പാപ്പയുടെ വാക്കുകള്‍ ലോകമെങ്ങും അലയടിക്കട്ടെയെന്ന് ആഗ്രഹിക്കുന്നു. കുടിയേറ്റക്കാര്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും വേണ്ടി നിരന്തരം ഇടപെടല്‍ നടത്തിയിരുന്ന അദ്ദേഹം പോപ്പ് പദവിയിലെത്തുന്നത് വഴി ലോകത്ത് സാഹോദര്യം പുലരുമെന്ന് പ്രതീക്ഷിക്കാം. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പാത പിന്തുടര്‍ന്നുകൊണ്ട് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ പുതിയ ഇടയന് കഴിയട്ടെയെന്ന് ആശംസിക്കുന്നു.