‘പോലീസ് നാണക്കേടുണ്ടാക്കി, ഈ പോലീസിനെ തിരുത്തുക തന്നെ വേണം’ ; രൂക്ഷവിമർശനവുമായി സി.പി.ഐ മുഖപത്രം

Jaihind Webdesk
Monday, August 5, 2019

പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ മുഖപത്രം ജനയുഗം. മാധ്യമപ്രവര്‍ത്തകന്‍ ബഷീറിന്‍റെ മരണം, നെടുങ്കണ്ടം കസ്റ്റഡി മരണം, സി.പി.ഐ മാർച്ചിനെതിരായ പോലീസ് നടപടി തുടങ്ങിയ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്  ജനയുഗത്തിന്‍റെ എഡിറ്റോറിയല്‍ ആഭ്യന്തരവകുപ്പിനും പോലീസിനുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ഈ പോലീസിനെ തിരുത്തുക തന്നെ വേണമെന്ന തലക്കെട്ടോടെയാണ് എഡിറ്റോറിയല്‍.

ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കട്ടരാമന്‍റെ വാഹനമിടിച്ച് മാധ്യമപ്രവർത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് നടത്തിയ ഇടപെടലുകള്‍ സംശയാസ്പദവും ദുരൂഹവുമാണ്. ഇത് പൊലീസിലെ പുഴുക്കുത്തുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണെന്ന് ലേഖനം പറയുന്നു.

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ സര്‍ക്കാര്‍ കേള്‍ക്കേണ്ടിവന്ന പഴിക്ക് കണക്കില്ല. സി.പി.ഐ മാര്‍ച്ചിന് നേരെ നടന്ന പോലീസ് ലാത്തിച്ചാര്‍ജും എം.എല്‍.എക്ക് പരിക്കേറ്റ സംഭവവും ഏറെ വിവാദമായി. കളക്ടറുടെ റിപ്പോര്‍ട്ടുണ്ടായിട്ടും ഗുരുതരമായ കൃത്യവിലോപം നടത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി ഉണ്ടാകാത്തതിനെയും ജനയുഗം കുറ്റപ്പെടുത്തുന്നു. ഇത്തരത്തില്‍ പൊലീസില്‍ നിരന്തരമായി സംഭവിക്കുന്ന കെടുകാര്യസ്ഥത ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായിവിജയനും സര്‍ക്കാരിനൊട്ടാകെയും നാണക്കേടുണ്ടാക്കുന്നതാണെന്നും എഡിറ്റോറിയല്‍ ചൂണ്ടിക്കാട്ടുന്നു.

കേരളം പ്രതീക്ഷിക്കുന്ന നടപടികളല്ല പോലീസിന്‍റെ ഭാഗത്തുനിന്നുണ്ടാകുന്നത്. കസ്റ്റഡി മരണങ്ങളുടെയും നീതിരഹിതമായ നടപടികളുടെയും പേരില്‍ പൊലീസ് സംവിധാനത്തിന് നാണക്കേടുണ്ടാകുന്ന സാഹചര്യം ഭരണത്തിനാണ് കളങ്കം ചാര്‍ത്തുന്നതെന്ന്. എല്‍.ഡി.എഫിന്‍റെ പൊലീസ് നയത്തിന് വിരുദ്ധമാണ് ഇതെന്നും ഈ പോലീസിനെ തിരുത്തുക തന്നെ വേണമെന്നും എഡിറ്റോറിയല്‍ പറയുന്നു.

സി.പി.ഐ നടത്തിയ ഡി.ഐ.ജി ഓഫീസ് മാര്‍ച്ചിലുണ്ടായ പോലീസ് ലാത്തിച്ചാർജില്‍ എല്‍ദോ എബ്രഹാം എം.എല്‍.എക്കും സി.പിഐ ജില്ലാ സെക്രട്ടറി പി രാജുവിനും  ഗുരുതര പരിക്കേറ്റ സംഭവത്തില്‍ കാനത്തിന്‍റെ നിലപാട് സി.പി.ഐയിലും മുന്നണിക്കുള്ളിലും ഏറെ കലഹങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കാനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് വിഷയത്തില്‍ ഉണ്ടായത്. ഇതിന് പിന്നാലെയാണിപ്പോള്‍ സി.പി.ഐ മുഖപത്രമായ ജനയുഗം ആഭ്യന്തരവകുപ്പിനും പോലീസിനുമെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്.