മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ; മുഖ്യമന്ത്രിയുടെ നിലപാട് ഇടതുപക്ഷ രാഷ്ട്രീയത്തിന് ഭൂഷണമല്ലെന്ന് വിമർശനം

Jaihind News Bureau
Friday, January 3, 2020

മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ മുഖപത്രം. ഭൂപരിഷ്‌ക്കരണ നിയമത്തിന്‍റെ അമ്പതാം വാർഷികത്തില്‍ സിപിഐ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന എ അച്യുതമേനോനെ പരാമർശിക്കാതെയുള്ള പ്രസംഗത്തിനെതിരെയാണ് വിമർശനം. മുഖ്യമന്ത്രിയുടെ നിലപാട് ഇടതുപക്ഷ രാഷ്ട്രീയത്തിന് ഭൂഷണമല്ലെന്ന് മുഖപ്രസംഗം വിമർശിക്കുന്നു.

ഭൂപരിഷ്‌കരണ നിയമത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾ തിരുവനന്തപുരത്ത് നടന്നപ്പോൾ നടത്തിയ പ്രസംഗമാണ് വിമർശനത്തിന് കാരണം. ചരിത്ര വസ്തുതകളെ മുഖ്യമന്ത്രി മനഃപൂർവ്വം മറക്കുന്നു എന്നാണ് മുഖപത്രത്തിലെ കുറ്റപ്പെടുത്തൽ. മുഖ്യമന്ത്രി യാഥാർത്ഥ്യങ്ങൾ അംഗീകരിക്കാൻ വിസമ്മതിക്കുന്നുവെന്നും മുഖപ്രസംഗത്തിലുണ്ട്. ചരിത്രം ഐതിഹ്യങ്ങളോ കെട്ടുകഥകളോ അല്ലെന്നും മുഖപ്രസംഗത്തിൽ പറയുന്നു. എ അച്യുതമേനോൻ ഭൂപരിഷ്‌കരണം നടപ്പിലാക്കിയെന്നല്ലാതെ അച്യുതമേനോനെ കുറിച്ച് കൂടുതൽ അനുസ്മരിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല. ഭൂപരിഷ്‌കരണ നിയമം നടപ്പിലാക്കുന്നതിൽ ഇഎംഎസ്, ഇകെ നായനാർ സർക്കാരുകൾ നടത്തിയ ഇടപെടലുകളെ അഭിനന്ദിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രി സംസാരിച്ചത്. എന്നാൽ അച്യുതമേനോനെ കുറിച്ച് ഒരു വാക്ക് പോലും പറയാൻ തയ്യാറാകാതിരുന്നത് അന്ന് തന്നെ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

രാജ്യത്ത് മോദി സർക്കാർ ചരിത്ര വസ്തുതകളെ വളച്ചൊടിക്കാൻ ശ്രമിക്കുമ്പോഴാണ് കേരളത്തിൽ മുഖ്യമന്ത്രി ഈ സമീപനം കൈക്കൊള്ളുന്നതെന്നും മുഖപ്രസംഗം വിമർശിക്കുന്നു. പന്തീരാങ്കാവിൽ രണ്ട് സിപിഎം പ്രവർത്തകരായിരുന്ന അലനും താഹയ്ക്കും എതിരെ യുഎപിഎ ചുമത്തിയ സംഭവത്തിൽ സിപിഐ സർക്കാർ നിലപാടിനെ പരസ്യമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജനയുഗത്തിൽ മുഖ്യമന്ത്രിയുടെ പ്രസംഗത്തെ ചൊല്ലിയുള്ള വിമർശനവും ഉയർന്നിരിക്കുന്നത്.

മുഖപ്രസംഗത്തിന്‍റെ പൂർണരൂപം :

ചരിത്രത്തോടുള്ള ഇടതുപക്ഷ സമീപനം ചോദ്യം ചെയ്യപ്പെടുന്നു

കേരളത്തില്‍ സമഗ്ര ഭൂപരിഷ്കരണ നിയമം നടപ്പിലാക്കിയതിന്‍റെ അമ്പതാം വാര്‍ഷികമായിരുന്നു ജനുവരി ഒന്നിന്. ഐക്യ കേരളത്തിന്റെ ചരിത്രത്തില്‍ സമാന തോതില്‍ അനുസ്മരിക്കപ്പെടേണ്ട മറ്റൊരു നിയമനിര്‍മ്മാണം ഉണ്ടോ എന്നത് സംശയമാണ്. മനുഷ്യ വികാസ സൂചികയുടെ അടിസ്ഥാനത്തില്‍ കേരളത്തെ ലോകത്തിലെ വികസിത സമൂഹങ്ങള്‍ക്ക് ഒപ്പം എത്തിക്കുന്നതില്‍ നിര്‍ണായക പങ്കാണ് 1970 ലെ ഭൂപരിഷ്കരണ ഭേദഗതി നിയമത്തിനുള്ളത്. ഐക്യകേരളം രൂപം കൊള്ളുമ്പോള്‍ ഏതാനും ആയിരങ്ങള്‍ മാത്രം ഭൂഉടമകളായി ഉണ്ടായിരുന്ന സ്ഥാനത്ത് 75 ലക്ഷത്തിലധികം കുടുംബങ്ങളെ ഭൂമിയുടെ അവകാശികളാക്കി മാറ്റിയെന്നതാണ് ആ നിയമത്തെ സമാനതകളില്ലാത്ത നിയമനിര്‍മ്മാണമാക്കി മാറ്റിയത്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിങ്ങനെയുള്ള മൂന്ന് അടിസ്ഥാന മനുഷ്യാവകാശങ്ങളില്‍ ഒന്നിന് ജനസംഖ്യയിലെ മഹാഭൂരിപക്ഷത്തിനെയും പ്രാപ്തമാക്കിയ നിയമനിര്‍മ്മാണമായിരുന്നു അത്. അത്ത­രം ഒരു നിയമനിര്‍മ്മാണം സാധ്യമായത് 1969 ല്‍ അന്നത്തെ സവിശേഷ രാഷ്ട്രീയ സാഹചര്യത്തില്‍ കേരളത്തില്‍ അധികാരത്തിലേറിയ സി അച്യുതമേനോന്‍റെ നേതൃത്വത്തിലുള്ള ഐക്യ ജനാധിപത്യ മുന്നണി ഭരണത്തിലാണ്. ഭൂപരിഷ്കരണ നിയമം പൊടുന്നനെ സ്വയംഭൂവായ ഒരു നിയമനിര്‍മ്മാണമല്ല.

കേരളത്തിന്‍റെ ഭൂപരിഷ്കരണ ശ്രമങ്ങള്‍ക്ക് ടിപ്പുസുല്‍ത്താന്‍റെ പടയോട്ടം മുതല്‍ ഇങ്ങോട്ട് രണ്ട് നൂറ്റാണ്ടിലേറെ ദൈര്‍ഘ്യമുണ്ട്. ഐക്യകേരള പിറവിയെ തുടര്‍ന്ന് അധികാരത്തിലേറിയ ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്‍റ് അതിന് മൂര്‍ത്തമായ രൂപം നല്‍കി. ആ ഗവണ്മെന്‍റ് ഭരണഘടനാ വിരുദ്ധ നടപടികളിലൂടെ പുറത്താക്കപ്പെട്ടതോടെ നിയമനിര്‍മ്മാണ ശ്രമങ്ങളിലും അതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ഉറപ്പിക്കുന്നതിലും വലിയ തിരിച്ചടികള്‍ ഉണ്ടായി. 1967 ല്‍ സിപിഐയും സിപിഎമ്മും ഉള്‍പ്പെട്ട സപ്തകക്ഷി മുന്നണിക്കും ആ നിയമനിര്‍മ്മാണ നടപടികള്‍‍ പൂര്‍ത്തീകരിക്കാനായില്ല. സപ്തകക്ഷി മുന്നണി ഗവണ്‍മെന്‍റ് നിലംപൊത്തിയതിനെ തുടര്‍ന്ന് അധികാരത്തില്‍വന്ന അച്യുതമേനോന്‍ സര്‍ക്കാരാണ് തികഞ്ഞ നിശ്ചയദാര്‍ഢ്യത്തോടെയും പ്രതിബദ്ധതയോടെയും ഭൂപരിഷ്കരണ ഭേദഗതി നിയമം നടപ്പില്‍ വരുത്തിയത്. കോടതി നടപടികളുടെ നൂലാമാലകളില്‍ കുടുങ്ങി തടസപ്പെടാത്തവിധം നിയമത്തെ ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളി­ല്‍ ഉള്‍പ്പെടുത്തിയതും അച്യുതമേനോന്‍ സര്‍ക്കാരിന്‍റെ മികവു തന്നെ. തുടര്‍ന്നിങ്ങോട്ട് ആ നിയമം കേരളത്തിന്റെ ഭൂഉടമാബന്ധങ്ങളിലും ഒരു ജനതയുടെ പുരോഗതിയിലും നല്‍കിയ മഹത്തായ സംഭാവനകള്‍ ചരിത്രമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കേരളം കൈവരിച്ച ആ ചരിത്രനേട്ടത്തെ അവമതിക്കാനും അതിനെ ഫലത്തില്‍ അട്ടിമറിക്കാനും പല ശ്രമങ്ങളും നടന്നിട്ടുണ്ട്. അവ സ്വാഭാവിക അന്ത്യത്തെ നേ­രിട്ടുവെങ്കിലും അത്തരം നടപടികള്‍ ഇപ്പോഴും ഭൂപരിഷ്കരണ നിയമത്തിന്‍റെ ആനു­­കൂല്യം ലഭിക്കുന്നതിന് ഒരു ചെറിയ വിഭാഗത്തിനെങ്കിലും വിഘാതമായി തുടരുന്ന യാഥാര്‍ത്ഥ്യവും അവഗണിച്ചുകൂട. ഭൂപരിഷ്കരണ നിയമം നടപ്പാക്കി അരനൂറ്റാണ്ട് പിന്നിട്ടു, രാജ്യത്തിന്‍റെ രാഷ്ട്രീയ വ്യവഹാരത്തില്‍ വന്‍ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു.

എന്നിട്ടും യാഥാര്‍ത്ഥ്യങ്ങളെ യാഥാര്‍ത്ഥ്യങ്ങളായി അംഗീകരിക്കാനും ചരിത്രവസ്തുതകളെ മാനിക്കാനും ഇനിയും ചിലരെങ്കിലും വിസ്മരിക്കുന്നു. ചരിത്രത്തോടു സത്യസന്ധത തെല്ലും പുലര്‍ത്താതെ, ചരിത്രത്തെ വളച്ചൊടിക്കുകയും ദുര്‍വ്യാഖ്യാനം ചെയ്തും ദേശീയ രാഷ്ട്രീയത്തെ കലുഷിതമാക്കി മാറ്റുന്ന ഘട്ടത്തില്‍ സമീപകാല കേരളത്തിന്‍റെ ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന നിലപാട് ഇടതുപക്ഷ രാഷ്ട്രീയത്തിന് ഭൂഷണമല്ല. ചരിത്രം ഐതിഹ്യങ്ങളോ കെട്ടുകഥകളോ അല്ല. അവ വസ്തുനിഷ്ടമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് രേഖപ്പെടുത്തപ്പെടുക. പരിശീലനം സിദ്ധിച്ച ചരിത്രകാരന്മാരെ ആട്ടിയകറ്റി തങ്ങളുടെ ഭാവനകള്‍ക്കും നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കും അനുസൃതമായി ചരിത്രത്തെ ദുര്‍വ്യാഖ്യാനം ചെയ്യാനും വളച്ചൊടിക്കാനും ആസൂത്രിത ശ്രമമാണ് മോഡി ഭരണത്തില്‍ ദേശീയതലത്തില്‍ നടക്കുന്നത്. ആ ചരിത്ര നിരാസത്തിനെതിരെയാണ് രാജ്യം സടകുടഞ്ഞെണീക്കുന്നത്.

അതിന്‍റെ മുന്‍നിരയിലാണ് കമ്മ്യൂണിസ്റ്റ് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍. അത്തരമൊരു ദേശവ്യാപക ചെറുത്തുനില്‍പിന്‍റെ വിശ്വാസ്യതയെയാണ് കേരളത്തിലെ ഭൂപരിഷ്കരണം സംബന്ധിച്ച അര്‍ധസത്യങ്ങള്‍ കൊണ്ട് ഇടതുപക്ഷം സ്വയം ചോദ്യം ചെയ്യുന്നത്. ഭൂപരിഷ്കരണ ഭേദഗതി നിയമത്തിന്‍റെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന പ്രസംഗത്തില്‍ സി അച്യുതമേനോന്‍റെ പേര് പരാമര്‍ശിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിസ്മരിച്ചുവെന്ന് ആരും കരുതില്ല. മറിച്ച്, അത് ചരിത്രവസ്തുതകളുടെ മനഃപൂര്‍വമായ തമസ്കരണമാണ്. അത് ഇടതുപക്ഷത്തിന്റെ ചരിത്രത്തോടുള്ള സമീപനത്തെയാണ് ചോദ്യം ചെയ്യുന്നത്.