കാനം രാജേന്ദ്രനെ തള്ളി പാർട്ടി മുഖപത്രമായ ജനയുഗം

Jaihind Webdesk
Monday, July 29, 2019

സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ തള്ളി പാർട്ടി മുഖപത്രമായ ജനയുഗം. എറണാകുളത്ത് സി.പി.ഐ ജില്ല സെക്രട്ടറിക്കും പാർട്ടി എംഎൽഎ എൽദോ എബ്രാഹമിനും പോലിസ് മർദ്ദനമേറ്റ സംഭവത്തെ കാനം രാജേന്ദ്രൻ ന്യായീകരിക്കുമ്പോൾ ജനയുഗം പ്രതിവാരകോളത്തില്‍ രൂക്ഷമായി വിമർശിക്കുന്നു.

‘വാതില്‍പ്പഴുതിലൂടെ’ എന്ന പ്രതിവാരകോളത്തിലാണ്‌ അമ്പിളി അമ്മാവനെ നോക്കി നായ്ക്കൾ കുരയ്ക്കുന്ന കാലം എന്ന തലക്കെട്ടോട് എറണാകുളം സംഭവത്തിൽ അരിയും തിന്ന് ആശാരിച്ചിയേയും കടിച്ചു പിന്നെയും നായ്ക്കാണ് മുറുമുറുപ്പെന്ന് പറയുന്നത്. സമര നായകനായാണ് എൽദോ എബ്രഹാം എംഎൽഎയെയും സി.പി.ഐ ജില്ല സെക്രട്ടറി രാജുവിനെയും വിശേഷിപ്പിക്കുന്നത്. ഇവരെ ഭീകരമായി മർദിച്ചതിന് പുറമെയാണ് പോലീസ് കള്ളക്കേസ് എടുത്തിരിക്കുന്നത്. ഇതിന് പിന്നിൽ ഗുഢാലോചന ഉണ്ടെന്നും ജനയുഗം ആരോപിക്കുന്നു. ഇക്കാര്യത്തിൽ സർക്കാരിനെ പിന്തുണയ്ക്കുന്നവരിൽ ആശങ്ക ഉണ്ടെന്നും മുഖപ്രസംഗത്തിൽ പറയുന്നു. വിഷയത്തിൽ കാനം രാജേന്ദ്രൻ സ്വീകരിച്ച നിലപാടുകളിൽ നിന്നും വ്യത്യസ്ത സമീപനമാണ് ജനയുഗം സ്വീകരിച്ചരിക്കുന്നത്.

യുണിവേഴ്സിറ്റി കോളേജ് വിഷയത്തിൽ എസ്.എഫ്.ഐയെ ലേഖനത്തില്‍ രൂക്ഷമായി വിമർശിക്കുന്നു. പി.എസ്.സി യുണിവേഴ്സിറ്റി പരീക്ഷ ക്രമക്കേടുകള്‍ക്ക് പിന്നിൽ ഗൂഢസംഘം പ്രവർത്തിക്കുന്നുണ്ടോ എന്ന് അന്വേഷിക്കണം.  എൽ.ഡി.എഫ് കൺവീനർ എ വിജയരാഘവനെ ജനയുഗം പരോക്ഷമായി വിമർശിക്കുന്നു. ഉത്തരമെഴുതാത്ത കടലാസുകൾ ഉത്തരക്കടലാസുകൾ അല്ല എന്ന് ചില വിചിത്ര വാദങ്ങളാണെന്ന് വിജയരാഘവന്‍റെ പരാമർശത്തെ കുറിച്ച് മുഖ പ്രസംഗത്തിൽ  പറയുന്നു.  ഈ വിചിത്ര വാദികൾക്ക് പൊതു ബോധമില്ലെന്നും ജനയുഗം കുറ്റപ്പെടത്തുന്നു