സി.പി.ഐക്ക് ചരിത്രം അറിയില്ല ; ‘ഭൂപരിഷ്കരണത്തില്‍’ സി.പി.ഐക്കെതിരെ പിണറായി വിജയന്‍

Jaihind News Bureau
Friday, January 3, 2020

സി.പി.ഐക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂപരിഷ്കരണം സംബന്ധിച്ച് സി.പി.ഐക്ക് ചരിത്രം അറിയില്ലെന്ന് മുഖ്യമന്ത്രി. കഴിഞ്ഞ ദിവസം ഒരു പരിപാടിയിൽ സംസാരിച്ചപ്പോൾ താൻ എന്തോ മഹാ അപരാധം ചെയ്തെന്ന മട്ടിൽ പ്രചാരണം നടന്നു. ഇത് ചരിത്രം നല്ല രീതിയിൽ മനസിലാക്കാത്തത് കൊണ്ടാണെന്നും പിണറായി വിജയന്‍ പറഞ്ഞു. നേരത്തെ ഭൂപരിഷ്കരണ സുവർണ ജൂബിലി സമ്മേളനത്തിൽ മുൻ മുഖ്യമന്ത്രി സി അച്ചുതമേനോന്‍റെ പേര് മുഖ്യമന്ത്രി ഒഴിവാക്കിയത് വിവാദമായിരുന്നു. സി.പി.ഐ മുഖപത്രമായ ജനയുഗവും മുഖ്യമന്ത്രിയെ വിമർശിച്ചിരുന്നു.

അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയൻ ദേശീയ സമ്മേളനത്തിന് സമാപനം കുറിച്ച് കണ്ണൂരിൽ നടന്ന പൊതുസമ്മേളനത്തിലാണ് സി.പി.ഐക്കെതിരെ  മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷ വിമർശനം നടത്തിയത്. ഭൂപരിഷ്കരണ വിഷയത്തിൽ ചരിത്രം പറഞ്ഞപ്പോൾ ആളുകളുടെ പേരെടുത്ത് പറഞ്ഞില്ല. അത് എന്‍റെ ഔചിത്യബോധമാണ്. അത് മനസിലാക്കാനുള്ള വിവേകം പ്രചരിപ്പിച്ചവർക്കുണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഭൂപരിഷ്കരണത്തെ കുറിച്ച് താൻ നടത്തിയ പ്രസംഗത്തെ ചിലർ എതിർത്തത് ചരിത്രത്തെ കുറിച്ച് നിശ്ചയമില്ലാത്തതുകൊണ്ടാകാം. ഭൂപരിഷ്കരണം 1969 ലാണ് പാസാക്കുന്നത്. അതിന് നേതൃത്വം കൊടുത്തത് മന്ത്രി എന്ന നിലയ്ക്ക് സഖാവ് ഗൗരിയമ്മയും, മുഖ്യമന്ത്രി ഇ.എം.എസും ആയിരുന്നു. 1970 ലാണ് പ്രാവർത്തികമായത്. ഇ.എം.എസ് സർക്കാരാണ് ഭൂപരിഷ്കരണ ബില്ലിന് അടിത്തറയിട്ടത്. പ്രാവർത്തികമായ ഭൂപരിഷ്കരണ നിയമത്തിന്‍റെ വാർഷികമാണ് ആഘോഷിക്കുന്നത്. അതിൽ താൻ ആരെയെല്ലാം ഓർമിക്കണം.
ഭൂപരിഷ്കരണ നിയമത്തെക്കുറിച്ച് പറയുമ്പോൾ ചരിത്രം കൂടി പരാമർശിക്കേണ്ടതുണ്ട്. അതിൽ എന്താണ് തെറ്റെന്നും മുഖ്യമന്ത്രി ചോദിച്ചു.

എ.കെ.ജി യുടെ നേതൃത്വത്തിൽ നടന്ന മിച്ചഭൂമി സമരമാണ് ഭൂപരിഷ്കരണ നിയമത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു. ഭൂപരീഷ്ക്കരണ സുവർണ ജുബിലി സമ്മേളനത്തിൽ മുൻ മുഖ്യമന്ത്രി സി അച്ചുതമേനോന്‍റെ പേര് മുഖ്യമന്ത്രി ഒഴിവാക്കിയത് വിവാദമായിരുന്നു. വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. സി.പി.ഐ മുഖപത്രമായ ജനയുഗവും മുഖ്യമന്ത്രിയെ വിമർശിച്ച് ലേഖനം എഴുതിയിരുന്നു. ഈ വിമർശനങ്ങൾക്കാണ് മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷമായ ഭാഷയിൽ സി.പി.ഐയെ വിമർശിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മറുപടിയോടെ ഭൂപരിഷ്കരണ നിയമം സംബന്ധിച്ച സി.പി.ഐ – സി.പി.എം തർക്കം പുതിയ തലത്തിൽ എത്തി നിൽക്കുകയാണ്.