സർക്കാരിന്‍റെ മദ്യനയത്തെ വിമർശിച്ച് സി.പി.ഐ മുഖപത്രം

Jaihind Webdesk
Sunday, September 30, 2018

ബ്രൂവറി അഴിമതിയിൽപ്പെട്ട് ഇടത് സർക്കാർ പ്രതിരോധത്തിൽ നിൽക്കുമ്പോൾ സി.പി.ഐ മുഖപത്രമായ ജനയുഗത്തിൽ സർക്കാരിന്‍റെ മദ്യനയത്തെ വിമർശിച്ച് ലേഖനം. ജനയുഗത്തിന്റെ എഡിറ്റ് പേജിലാണ് ലേഖനം സർക്കാരിന്‍റെ മദ്യനയത്തെയും ജനങ്ങളുടെ മദ്യപാന ശീലത്തെയും വിമർശിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.

മാനദണ്ഡങ്ങൾ മറികടന്ന് സംസ്ഥാനത്ത് പുതിയ മദ്യഉൽപാദന കേന്ദ്രങ്ങൾക്ക് സർക്കാർ അനുമതി നൽകിയ വിഷയത്തിൽ ഇടതു സർക്കാർ പ്രതിരോധത്തിൽ നിൽക്കുമ്പോഴാണ് സി.പി.ഐ മുഖപത്രമായ ജനയുഗം സർക്കാരിന്‍റെ മദ്യനയത്തെ ലേഖനത്തിലൂടെ വിമർശിക്കുന്നത്. പത്രത്തിന്‍റെ എഡിറ്റ് പേജിലാണ് ഒറ്റയടിപാതകൾ എന്ന പംക്തിയിലൂടെ സി.രാധാകൃഷ്ണൻ സർക്കാരിന്‍റെ മദ്യനയത്തിനെതിരെ അതിരൂക്ഷ വിമർശനം ഉയർത്തുന്നത്.

https://www.youtube.com/watch?v=rVF2zokh6XE

വർധിച്ചവരുന്ന ഹൃദയ-ആമാശയ-കരൾ രോഗങ്ങൾ മദ്യപാനതോതിന്‍റെ അളവു പിടിച്ചു തന്നെ ഉയരുകയാണെന്നും ലേഖനത്തിൽ പറയുന്നു. മദ്യവിമുക്ത കേരളമെന്ന ലക്ഷ്യത്തിന് മുദ്രാവാക്യം വിളിക്കാൻ മദ്യം കഴിക്കേണ്ട അവസ്ഥയാണ്. മദ്യത്തിനുമേൽ നൂറു കണക്കിന് ശതമാനം നികുതി ചുമത്തി സമ്പാദിക്കുന്നകാശു കൊണ്ടാണ് പ്രബുദ്ധ കേരളത്തിൽ നിത്യനിദാനം പോലും നടക്കുന്നതെന്ന സ്ഥിതി ഭൂഷണമല്ല. ഇവിടെ ആരും മദ്യപിക്കാതായാൽ സർക്കാർ എന്തു ചെയ്യുമെന്ന് ആലോചിക്കുമ്പോൾ ആരായാലും ആശങ്ക തീർക്കാൻ മദ്യപിച്ചു പോകുമെന്നും ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു. വിദ്യാലയങ്ങളിൽ മദ്യവിരുദ്ധമായ വൈകാരികത സൃഷ്ടിക്കാൻ ഒരു ശ്രമവുമില്ലെന്ന ലേഖനത്തിലെ വിമർശനം സർക്കാരിന്റെ വിമുക്തി പദ്ധതിയെയും പരോക്ഷമായി കുഒറ്റപ്പെടുത്തുന്നു.

ബ്രൂവറി വിഷയത്തിൽ സർക്കാരിനൊപ്പമെന്ന നിലപാടാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സ്വീകരിച്ചിരിക്കുന്നത്. ഈ നിലപാട് സി.പി.ഐ സംസ്ഥാന കൗൺസിലിലും കാനം വിശദീകരിച്ചിരുന്നു. ഇതിനെ പരോക്ഷമായി വിമർശിക്കുന്ന ലേഖനമാണ് പാർട്ടി മുഖപത്രത്തിന്‍റെ എഡിറ്റ് പേജിലുള്ളത്. ഇടതുമുന്നണിയിൽ മദ്യഉൽപാദശാലകൾക്ക് അനുമതി നൽകുന്ന വിഷയം ചർച്ച ചെയ്യാതെ നടപ്പാക്കിയെന്ന വികാരം ഘടകകക്ഷികൾക്കിടയിൽ നിലനിൽക്കുന്നതിനിടെയാണ് സർക്കാരിനെ വിമർശിക്കുന്ന ലേഖനം ജനയുഗത്തിൽ പ്രസിദ്ധീകരിച്ചുവെന്നതും ശ്രദ്ധേയമാണ്.