പ്രവാസികളെ ക്വാറന്‍റൈന്‍ ചെയ്യാന്‍ കേരളത്തിലെ മൂന്നുനില കെട്ടിടം നല്‍കും; യുഎഇയിലെ ഇന്ദിരാഗാന്ധി വീക്ഷണം ഫോറം ട്രസ്റ്റ് മാതൃകയാകുന്നു

Jaihind News Bureau
Sunday, April 12, 2020

ദുബായ് : കൊവിഡ് ആശങ്കകള്‍ മൂലം യുഎഇയില്‍ നിന്ന് മടങ്ങി വരുന്ന പ്രവാസികള്‍ക്കായി, തൃശൂര്‍ അമല നഗറിലുള്ള ഇന്ദിരാഗാന്ധി വീക്ഷണം ഫോറം ട്രസ്റ്റിന്‍റെ മൂന്നു നില കെട്ടിടം വിട്ടുകൊടുക്കുമെന്ന് ട്രസ്റ്റ് അധികൃതര്‍ അറിയിച്ചു. യുഎഇയിലെ ഇന്ദിരാഗാന്ധി വീക്ഷണം ഫോറം കേന്ദ്ര കമ്മിറ്റിയുടെ ചുമതലയിലുള്ളതാണ് കെട്ടിടം. പി.ടി തോമസ് എംഎല്‍എയും ടി.എന്‍ പ്രതാപന്‍ എംപിയും രക്ഷാധികാരികളായുള്ള ട്രസ്റ്റാണ് , പ്രവാസികള്‍ക്ക് ഏറെ സാന്ത്വനമായ ഈ പ്രഖ്യാപനം നടത്തിയത്.

യുഎഇയിലെ കോണ്‍ഗ്രസ് അനുഭാവികളുടെ സഹകരണത്തോടെ, ഏറെ നാള്‍ മുമ്പാണ് തൃശൂര്‍ അമലനഗറില്‍ സ്വന്തമായി കെട്ടിടം നിര്‍മ്മിച്ചത്. കോവിഡ് മൂലം, യുഎഇ ഉള്‍പ്പടെയുള്ള ഗള്‍ഫ് നാടുകളില്‍ നിന്ന് നിരവധി പ്രവാസികള്‍ നാട്ടിലേക്ക് പോകാന്‍ തയ്യാറെടുക്കുകയാണ്. അതിനാലാണ്, മടങ്ങി എത്തുന്നവരെ ക്വാറന്റൈന്‍ ചെയ്യാനായി ഈ മൂന്നു നില കെട്ടിടം വിട്ടുകൊടുക്കാന്‍ തീരുമാനിച്ചതെന്ന് , പ്രവാസ ലോകത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൂടിയായ സുഭാഷ് ചന്ദ്രബോസ് ദുബായില്‍ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു. ആര്‍ വി മുഹമ്മദ് കുട്ടി , മൂസ്സ എടപ്പനാട് എന്നിവരും സംയുക്താമായാണ് ഈ തീരുമാനം അറിയിച്ചത്.