കൈക്കൂലി കേസിൽ ഇടുക്കിയിൽ സർക്കിൾ ഇൻസ്‌പെക്ടറെയും എ.എസ്.ഐയെയും സസ്‌പെൻഡ് ചെയ്തു

Jaihind Webdesk
Friday, September 21, 2018

ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ ഇടുക്കിയിൽ സർക്കിൾ ഇൻസ്‌പെക്ടറെയും എ.എസ്.ഐയെയും സസ്‌പെൻഡ് ചെയ്തു. നെടുംങ്കണ്ടം സർക്കിൾ ഇൻസ്‌പെക്ടറുടെ ചുമതല ഉണ്ടായിരുന്ന മുല്ലപെരിയാർ സർക്കിൾ ഇൻസ്‌പെക്ടർ അയൂബ് ഖാനെയും എ.എസ്.ഐ സാബു മാത്യുവിനെയുമാണ് സസ്‌പെൻഡ് ചെയ്തത്.

നെടുംങ്കണ്ടത്ത് പിതാവിന്‍റെ ആത്മഹത്യ കൊലപാതകമാക്കി മാറ്റി മകനെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി പെടുത്തിയാണ് ഒരു ലക്ഷം രൂപ സർക്കിൾ ഇൻസ്പെക്ടറുടെ ചുമതലയുണ്ടായിരുന്ന മുല്ലപ്പെരിയാർ CI അയൂബ് ഖാനും എ.എസ്.ഐ സാബുവും വാങ്ങിയത്. കേസിൽ സസ്പെൻഡ് ചെയ്യണമെന്ന് കാട്ടി ഇടുക്കി ജില്ലാ പോലീസ് മേധാവി കൊച്ചി റേഞ്ച് ഐജിയോട് ശുപാർശ ചെയ്തിരുന്നു.

രോഗബാധിതനായതിനെ തുടർന്ന് മനോവിഷമത്തിലായിരുന്ന തൂക്കുപാലത്തുള്ള മീരാൻ റാവുത്തറെ കഴിഞ്ഞ ആറാം തിയതിയാണ് ശുചി മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഭീഷണിയെ തുടർന്ന് സ്റ്റേഷനിലെത്തി പണം കൈമാറിയ ശേഷം ജില്ലാ പോലീസ് മേധാവിക്ക് മീരാന്‍റെ മകൻ പരാതി നൽകുകയായിരുന്നു. ജില്ലാ ക്രൈംബ്രാഞ്ച് DySP നടത്തിയ അന്വേഷണത്തിൽ പണം കൈപ്പറ്റിയതിന് തെളിവും ലഭിച്ചിരുന്നു.