ഇടുക്കിയിൽ പൊതുപ്രവർത്തകന് കോവിഡ് ബാധ സ്ഥിരീകരിച്ചു

Jaihind News Bureau
Thursday, March 26, 2020

ഇടുക്കി ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ അറിയിച്ചു. ഇടുക്കി സ്വദേശിക്കാണ് രോഗമുള്ളതായി പരിശോധനയില്‍ ബോധ്യപ്പെട്ടത് . ഇദ്ദേഹത്തെ തൊടുപുഴ ജില്ലാ ആശുപത്രി ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ഇതോടെ ജില്ലയില്‍ ഇതുവരെ രണ്ടു പേര്‍ക്ക് രോഗം ബാധിച്ചു. നേരത്തെ മുന്നാര്‍ സന്ദര്‍ശനത്തിനെത്തിയ ബ്രിട്ടീഷ് പൗരനു രോഗം സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹം ഇപ്പോള്‍ സുഖം പ്രാപിച്ചു. ഇപ്പോള്‍ രോഗം സ്ഥിരീകരിച്ച പൊതുപ്രവര്‍ത്തകനായ ഇടുക്കി സ്വദേശിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നവരോട് വീട്ടു നിരീക്ഷണത്തിലാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇദ്ദേഹം പ്രമുഖരുള്‍പ്പെടെ വളരെയധികം ആളുകളുമായി ബന്ധപെട്ടിട്ടുണ്ട്.  പാലക്കാട്, ഷോളയാര്‍, മറയൂര്‍, മൂന്നാര്‍, പെരുമ്പാവൂര്‍ ,ആലുവ, മാവേലിക്കര, തിരുവനന്തപുരം നിയമസഭാ മന്ദിരം എന്നിവിടങ്ങളിലും ചെറുതോണി മുസ്ലീം പള്ളിയില്‍ മാര്‍ച്ച് 13നും 20നും പോയിരുന്നുവെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.