‘മുഖ്യമന്ത്രിയുടെ പ്രവൃത്തി ആ പദവിക്ക് യോജിച്ചതല്ല’: വിമര്‍ശനവുമായി കെ.എസ് ശബരീനാഥന്‍ എം.എല്‍.എ; കുറിപ്പ്

Jaihind News Bureau
Friday, March 27, 2020

ഇടുക്കിയിലെ കൊവിഡ് ബാധിതനായ പൊതു പ്രവർത്തകനെ അധിക്ഷേപിച്ച മുഖ്യമന്ത്രിയുടെ നടപടിക്കെതിരെ വിമര്‍ശനവുമായി കെ.എസ് ശബരീനാഥന്‍ എംഎല്‍എ. പൊതുപ്രവർത്തകന്‍റെ രാഷ്ട്രീയം നോക്കി അദ്ദേഹത്തെ വിമർശിച്ച മുഖ്യമന്ത്രിയുടെ പ്രവൃത്തി ആ പദവിയ്ക്ക് യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസുകാരൻ ആയതുകൊണ്ട് മാത്രം കുറ്റപ്പെടുത്തിയത് മാതൃകപരമായ പ്രവൃത്തിയല്ലെന്നും രോഗിയായി ആശുപത്രി കിടക്കയിൽ കിടക്കുന്ന പൊതുപ്രവർത്തകന്‍റെ അവകാശങ്ങൾക്ക് നേരെയുള്ള കടന്നുകയറ്റം കൂടിയാണിതെന്നും കെ.എസ് ശബരീനാഥന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

കെ.എസ് ശബരീനാഥന്‍ എംഎല്‍എയുടെ ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം :

ബഹുമാനപ്പെട്ട മുഖ്യമന്ത്രി,

കോവിഡ് 19 മായി ബന്ധപ്പെട്ട് അങ്ങയുടെ പത്രസമ്മേളനങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്ന ഒരാളാണ് ഞാൻ. നാട്ടിൽ നടക്കുന്ന കാര്യങ്ങൾ കണക്കുകൾ സഹിതം അങ്ങ് പറയുമ്പോൾ അതിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് ഒരു ജനപ്രതിനിധി എന്ന നിലയിൽ എന്തൊക്കെ ചെയ്യാൻ കഴിയും എന്നുള്ളതാണ് ഞാൻ ചിന്തിക്കുന്നത്.

പക്ഷേ ഇന്നത്തെ പത്രസമ്മേളനത്തിൽ ഇടുക്കിയിൽ നിന്ന് രോഗബാധിതനായ ഒരാളെ, അദ്ദേഹം കോൺഗ്രസുകാരൻ ആയതുകൊണ്ട് മാത്രം കുറ്റപ്പെടുത്തിയത് ഒരു മാതൃകപരമായ പ്രവർത്തിയല്ല.

ഉത്തരവാദിത്തപ്പെട്ട ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ അദ്ദേഹം ഫെബ്രുവരി മാസാവും മാർച്ച് ആദ്യവാരവും ധാരാളം സ്ഥലങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ഈ സമയത്ത് ഞാൻ അടക്കമുള്ള, അങ്ങ് അടക്കമുള്ള നേതാക്കളെല്ലാം നിരവധി പ്രോഗ്രാമുകളിലും നിയമസഭാ സമ്മേളനത്തിലും പങ്കെടുത്തതാണ്. അതിനുശേഷം സർക്കാർ നിർദ്ദേശങ്ങൾ അനുസരിച്ചാണ് അദ്ദേഹം മുന്നോട്ടു പോയിട്ടുള്ളത്. ഇതിനിടയിൽ രോഗം പിടിപെട്ടത് അദ്ദേഹത്തിന്റെ കുറ്റം കൊണ്ടല്ല. അദ്ദേഹം വിദേശത്ത് പോവുകയോ ഈ രോഗം ബാധിച്ച വ്യക്തിയുമായി അറിഞ്ഞുകൊണ്ട് നേരിട്ട് ഇടപെടുകയോ ചെയ്തിട്ടില്ല എന്നാണ് അറിയുന്നത്.

അങ്ങനെയുള്ള ഒരാളെ, കോൺഗ്രസുകാരൻ ആയതുകൊണ്ട് മാത്രം പൊതുസമൂഹത്തിനു മുന്നിൽ അങ്ങ് കടന്നാക്രമിച്ചത് ഒരു മുഖ്യമന്ത്രിക്ക് ചേർന്നതല്ല. എന്നുമാത്രമല്ല, ഒരു രോഗിയായി ആശുപത്രി കിടക്കയിൽ കിടക്കുന്ന അദ്ദേഹത്തിന്‍റെ അവകാശങ്ങൾക്ക് നേരെയുള്ള കടന്നുകയറ്റം കൂടിയാണിത്.

ഈ മഹാ രോഗത്തിന്‍റെ മുന്നിൽ നമ്മളാരും ജാതിയും മതവും രാഷ്ട്രീയവും കണ്ടിട്ടില്ല, കേരളം ഒറ്റക്കെട്ടാണ് എന്നു പറയുന്നതും ഇതുകൊണ്ടാണ്. അതിന് ഒരു കളങ്കം വരാതിരിക്കാൻ ഇനി ശ്രദ്ധിക്കും എന്ന് പ്രതീക്ഷിക്കുന്നു.

വിശ്വസ്തതയോടെ,
KS ശബരീനാഥൻ MLA

#breakthechain