റോഡുകളുടെ ശോച്യാവസ്ഥയിൽ ഹൈക്കോടതി ഇടപെടുന്നു

Jaihind Webdesk
Friday, October 26, 2018

സംസ്ഥാനത്തെ റോഡുകൾ ഈ സ്ഥിതിയിൽ തുടരുന്നത് അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി. കൊച്ചി കാക്കനാട് റോഡില്‍ ഒരാളുടെ മരണത്തിന് ഇടയാക്കിയ സംഭവം ചൂണ്ടിക്കാട്ടി ലഭിച്ച കത്തിന്‍റെ അടിസ്‌ഥാനത്തിൽ, വിഷയത്തിൽ കേസെടുത്തുകൊണ്ടാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിലപാട് വ്യക്തമാക്കിയത്.

ഹൈക്കോടതിയിലെ തന്നെ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ കത്തിന്‍റെ അടിസ്‌ഥാനത്തിലാണ് കേസ് എടുത്തത്. പ്രാഥമികവാദം കേട്ട ബെഞ്ച് സര്‍ക്കാരിന്‍റെ വിശദീകരണം തേടി. അടുത്ത വര്‍ഷത്തോടെ കൊച്ചി മെട്രോയ്ക്ക് വേണ്ടി റോഡ് ഏറ്റെടുക്കുമെന്നും അതിനാലാണ് അറ്റകുറ്റപ്പണികള്‍ക്കായി വന്‍ തുക ചെലവിടാത്തതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

അതുവരെ ജനങ്ങൾ ഈ ദുരിതം അനുഭവിക്കണോ എന്ന് കോടതി ആരാഞ്ഞു. ഒരാഴ്ചക്കകം റോഡ് അറ്റകുറ്റപ്പണി പൂർത്തിയാക്കാമെന്ന സർക്കാരിന്‍റെ ഉറപ്പിന്മേൽ കോടതി നടപടികൾ തൽക്കാലത്തേക്ക് അവസാനിപ്പിച്ചു.[yop_poll id=2]