മഴയിലും മണ്ണിടിച്ചിലിലും കുമളി വഴിയുള്ള ഗതാഗതം സ്തംഭിച്ചു

Jaihind Webdesk
Monday, October 1, 2018

കനത്ത മണ്ണിടിച്ചിലിൽ കേരള-തമിഴ്നാട് അതിർത്തിയായ കുമളി വഴി തമിഴ്നാട്ടിലേക്കുള്ള ഗതാഗതം നിലച്ചു. നിർമാണ പ്രവർത്തനങ്ങൾ തീരാൻ മാസങ്ങളെടുക്കുമെന്ന് അധികൃതർ അറിയിച്ചതോടെ വ്യാപാര-വാണിജ്യ മേഖലകൾ സ്തംഭിച്ചിരിക്കുകയാണ്.

കുമളി ലോവർ ക്യാമ്പിന് സമീപമാണ് വിവിധ സ്ഥലങ്ങളിൽ മണ്ണിടിഞ്ഞും മരങ്ങൾ കടപുഴകി വീണും ഗതാഗതം സ്തംഭിച്ചിരിക്കുന്നത്. റോഡിന്‍റെ സംരക്ഷണഭിത്തിയടക്കമാണ് മിക്കയിടങ്ങളിലും മണ്ണിടിഞ്ഞ് തകർന്നുപോയത്. ഇതു മൂലം തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്കുള്ള കുമളി വഴിയുള്ള ചരക്ക് ഗതാഗതം ഉൾപ്പെടെ നിലച്ചിരിക്കുകയാണ്.

കുമളി വഴിയുള്ള മധുര, ചെന്നൈ, ബാഗ്ലൂർ തുടങ്ങിയ ദീർഘദൂര സർവീസുകളെ ഗതാഗത തടസം ബാധിച്ചിരിക്കുകയാണ്. ആന്ധ്ര, തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പഭക്തർ ശബരിമലയ്ക്ക് പോകുന്നത് കുമളി വഴിയാണ്.

നിർമാണ പ്രവർത്തനങ്ങൾക്കായി ദേശീയ പാത അടച്ചതോടെ തമിഴ്നാട്ടിൽ നിന്നും തോട്ടങ്ങളിൽ പണിയെടുക്കാൻ തൊഴിലാളികൾ എത്താതായതും വൻ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. തമിഴ്നാട്ടിൽ നിന്നും കേരളത്തിൽ നിന്നും എത്തണമെങ്കിൽ 60 കിലോമീറ്ററിലധികം യാത്ര ചെയ്ത് കമ്പംമെട്ടിലെത്തി വേണം അതിർത്തി കടക്കാൻ.