മാർക്ക് ദാന വിവാദം : പ്രതിപക്ഷ നേതാവ് അടക്കമുള്ളവരില്‍ നിന്ന് ഗവർണർ നേരിട്ട് പരാതി കേള്‍ക്കും

Jaihind News Bureau
Sunday, December 22, 2019

എം.ജി സർവകലാശാലയിലും സാങ്കേതിക സർവ കലാശാലയിലും നടന്ന മാർക്ക് ദാന വിവാദത്തിൽ പ്രതിപക്ഷ നേതാവിനെയും വിസിമാരെയും ഗവർണർ ഹിയറിംഗിന് വിളിക്കും. മന്ത്രി കെ.ടി ജലീൽ അദാലത്തിലൂടെ നടത്തിയ മാർക്ക് ദാനത്തെക്കുറിച്ചുള്ള പരാതികൾ നേരിട്ട് കേൾക്കും. സർവകലാശാലകളിൽ നടത്തിയ മാർക്ക് ദാനത്തിൽ അന്വേഷണമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഗവർണറെ സമീപിച്ചിരുന്നു.

മന്ത്രി കെ.ടി ജലീലിൽ അദാലത്തിലൂടെ എം.ജി സർവകലാശാലയിലും സാങ്കേതിക സർവകലാശാലയിലും നടത്തിയ വിവാദമായ ബിടെക് പരീക്ഷ മാർക്ക് ദാനത്തെ കുറിച്ചുള്ള പരാതികളാണ് ഗവർണർ നേരിട്ട് കേൾക്കുക. പ്രതിപക്ഷ നേതാവ് ഇത് സംബന്ധിച്ച് ഗവർണർക്ക് പരാതി നൽകിയിരുന്നു. കെ.ടി.യുവിൽ മന്ത്രി നേരിട്ടും എം.ജി സർവകലാശാലയിൽ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമാണ് അദാലത്തിലൂടെ മാർക്ക് ദാനത്തിന് മുഖ്യപങ്ക് വഹിച്ചതെന്നാണ് ആക്ഷേപം.

രണ്ട് സർവകലാശാലകളിലെ വൈസ്ചാൻസിലർമാരെയും പരാതിക്കാരെയും നേരിട്ട് വിളിച്ച് ഗവർണർ പരാതി കേൾക്കും. മാർക്ക് ദാനത്തിലൂടെ വിജയിച്ച വിദ്യാർഥികളെയും ഗവർണർ വിളിപ്പിച്ചിട്ടുണ്ട്. എം.ജി സിന്‍ഡിക്കേറ്റ് അനധികൃതമായി നൽകിയ മോഡറേഷൻ പിൻവലിക്കാൻ തീരുമാനിച്ചതിനെ തുടർന്ന് ഡിഗ്രി സർട്ടിഫിക്കറ്റ് കൈപ്പറ്റിയ 123 പേരോട് സർട്ടിഫിക്കറ്റുകൾ മടക്കി നൽകാൻ യൂണിവേഴ്‌സിറ്റി നിർദേശം നൽകിയതിനെ ചോദ്യം ചെയ്ത് വിദ്യാർഥികൾ ഇതിനകം കോടതിയെ സമീപിച്ചിരിക്കുമ്പോഴാണ് ഗവർണർ പരാതിയുള്ള വിദ്യാർഥികളെ നേരിട്ട് കേൾക്കാൻ തീരുമാനിച്ചിരിക്കുന്നത്.

ഇതു സംബന്ധിച്ച അറിയിപ്പ് രേഖാമൂലം വിദ്യാർഥികളെ നേരിട്ടറി യിക്കാൻ വിസിക്ക് ഗവർണറുടെ സെക്രട്ടറി നിർദേശം നൽകി. ജനുവരി അവസാന ആഴ്ചയിലാകും ഗവർണറുടെ ഹിയറിംഗ്. എം.ജി സർവകലാശാല ഡിഗ്രി സർട്ടിഫിക്കറ്റുകൾ പിൻവലിച്ചത് ചട്ടപ്രകാരമല്ലെന്ന് നേരത്തെ ആക്ഷേപമുണ്ടായിരുന്നു. ഗവർണറുടെ അനുമതി വാങ്ങാതെയാണ് യൂണിവേഴ്‌സിറ്റി, ഡിഗ്രി സർട്ടിഫിക്കറ്റുകൾ പിൻവലിക്കാൻ തീരുമാനിച്ചിരുന്നത്.