മാർക്ക് ദാന വിവാദത്തിൽ ഗവർണർ നേരിട്ട് നടത്തുന്ന തെളിവെടുപ്പ് നാളെ; വിദ്യാർത്ഥിയെയും പരാതിക്കാരെയും വിളിച്ചു വരുത്തും

Jaihind News Bureau
Friday, January 31, 2020

സാങ്കേതിക സർവകലാശാലയിലെ മാർക്ക് ദാന വിവാദത്തിൽ ഗവർണർ നേരിട്ട് നടത്തുന്ന തെളിവെടുപ്പ് നാളെ. ഹിയറിങിനായി സർവകലാശാല വിസിയെയും മാർക്ക് ദാനത്തിൽ വിജയിച്ച വിദ്യാർത്ഥിയെയും പരാതിക്കാരെയും വിളിച്ചു വരുത്തും. മന്ത്രി കെ.ടി ജലീൽ അധികാര ദുർവിനിയോഗം നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

സാങ്കേതിക സർവ്വകലാശാല നടത്തിയ ബിടെക് പരീക്ഷയിൽ തോറ്റ വിദ്യാർത്ഥിയെ വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിന്‍റെ നിർദ്ദേശപ്രകാരം മൂന്നാം തവണ മൂല്യനിർണയം നടത്തി വിജയിപ്പിച്ച നടപടി റദ്ദാക്കണം, ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ നേതൃത്വത്തിൽ മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിമാരും പങ്കെടുത്തു സർവകലാശാലകളിൽ നടത്തുന്ന അദാലത്തുകൾ ചട്ടവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള പരാതിയിൽ സർവ്വകലാശാല ചാൻസലർ കൂടിയായ ഗവർണർ നാളെ ഹിയറിങ് നടത്തും.

സാങ്കേതിക സർവകലാശാല വി. സി. ഡോക്ടർ എം. എസ്. രാജശ്രീ, പരാതിക്കാരനായ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാർ, മൂന്നാം മൂല്യനിർണയത്തിലൂടെ ബിടെക് പരീക്ഷ വിജയിച്ച വിദ്യാർത്ഥി എന്നിവരെയാണ് ഗവർണർ രാജ്ഭവനിൽ ഹിയറിങ്ങിനായി വിളിച്ചിട്ടുള്ളത്.

സർവ്വകലാശാല ചാൻസലർ എന്ന നിലയിൽ വിഷയത്തിൽ സ്വതന്ത്രമായ തീരുമാനം കൈക്കൊള്ളാൻ ഗവർണർക്ക് പൂർണ അധികാരമുണ്ട്. സർക്കാരിന് ഇക്കാര്യങ്ങളിൽ ഇടപെടാനോ ചോദ്യം ചെയ്യാനോ അധികാരമില്ല.

മന്ത്രി കെ.ടി ജലീൽ അദാലത്തിലൂടെ അധികാര ദുർവിനിയോഗം നടത്തിയെന്നതാണ് പരാതിയെങ്കിലും മന്ത്രിയെ ഗവർണർ ഹിയറിങ്ങിനു ക്ഷണിച്ചിട്ടില്ല. സർവകലാശാലകളിൽ മന്ത്രി കെ ടി ജലീലിന്‍റെയും അദ്ദേഹത്തിന്‍റെ ഓഫീസിന്‍റെയും ഇടപെടൽ വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.