ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുമതി തേടി കോണ്‍ഗ്രസ്

Jaihind Webdesk
Tuesday, September 18, 2018

ഭരണസ്തംഭനം തുടരുന്ന ഗോവയില്‍ ബി.ജെ.പി സർക്കാരിനെതിരെ കോൺഗ്രസ് കരുനീക്കം ശക്തമാക്കി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിനെ ക്ഷണിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ ഗവര്‍ണറെ കാണാന്‍ രാജ്ഭവനിലെത്തി. ഇന്നലെ ഗവർണറെ നേരിൽ കാണാൻ സാധിക്കാത്തതിനാൽ നേതാക്കൾ ഇന്ന് ഗവർണറുമായി കൂടിക്കാഴ്ച നടത്തും.

മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അസുഖ ബാധിതനായി ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. മാസങ്ങളായി അദ്ദേഹം മുഖ്യമന്ത്രിയുടെ ജോലികളില്‍ സജീവമല്ല. ഇക്കാര്യമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. ബി.ജെ.പി സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറെ കാണാന്‍ രാജ്ഭവനിലെത്തിയത് ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ്. എന്നാല്‍ ഗവര്‍ണര്‍ മൃദുല സിന്‍ഹ രാജ്ഭവനില്‍ ഉണ്ടായിരുന്നില്ല.

മനോഹര്‍ പരീക്കര്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനക്ഷത നഷ്ടമായെന്നും സര്‍ക്കാരിനെ പിരിച്ചുവിടണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിനെ ക്ഷണിക്കണമെന്നാവശ്യപ്പെട്ട് നേതാക്കള്‍ രാജ്ഭവനില്‍ കത്ത് നല്‍കി. രണ്ട് കത്തുകളാണ് രാജ്ഭവനില്‍ നല്‍കിയിരിക്കുന്നത്.

ഗോവ നിയമസഭയിലെ ഏറ്റവും വലിയ കക്ഷിയാണ് കോണ്‍ഗ്രസ്. 40 അംഗ നിയമസഭയാണ് ഗോവയിലേത്. ഇതില്‍ കോണ്‍ഗ്രസിന് 16 അംഗങ്ങളുണ്ട്. ബി.ജെ.പിക്ക് 14ഉം. എം.ജി.പി, ജി.എഫ്.പി എന്നീ കക്ഷികളുടെ മൂന്ന് വീതം എം.എല്‍.എമാരുടെ പിന്തുണയോടെയാണ് ബി.ജെ.പി ഗോവയില്‍ ഭരിക്കുന്നത്. പരീക്കര്‍ അസുഖബാധിതനായതോടെ സംസ്ഥാനത്ത് ഭരണം നടക്കുന്നില്ലെന്നാണ് കോണ്‍ഗ്രസ് ആക്ഷേപം.

രാജ്ഭവനില്‍ എത്തിയ ശേഷം പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവ്‌ലേക്കര്‍ മാധ്യമങ്ങളുമായി സംസാരിച്ചു. ഗവര്‍ണര്‍ സ്ഥലത്തില്ലാത്തതിനാല്‍ കാണാന്‍ സാധിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. അതോടെ ഇന്ന് വീണ്ടുമെത്തി ഗവര്‍ണറെ കാണാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. അതിനു വേണ്ടി പ്രത്യേക അനുമതി ചോദിച്ചിട്ടുണ്ട്.

ബി.ജെ.പി സര്‍ക്കാര്‍ പ്രവര്‍ത്തിക്കാത്ത സാഹചര്യത്തില്‍ നിയമസഭയിലെ ഏറ്റവും വലിയ കക്ഷിയായ കോണ്‍ഗ്രസിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്നാണ് ആവശ്യപ്പെട്ടതെന്ന് ചന്ദ്രകാന്ത് പറഞ്ഞു. തങ്ങളുടെ 16 എം.എല്‍.എമാര്‍ സര്‍ക്കാര്‍ രൂപീകരണം ആവശ്യപ്പെടുന്ന രണ്ട് കത്തുകള്‍ ഗവര്‍ണര്‍ക്ക് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത മുഖ്യമന്ത്രി ആരാകും എന്നതിനെ ചൊല്ലി ബി.ജെ.പി സഖ്യത്തില്‍ ആശയക്കുഴപ്പം നിലവിലുണ്ട്. സഖ്യകക്ഷികളുമായി വിഷയം ചര്‍ച്ച ചെയ്തുവരികയാണ്. സമവായത്തിലെത്തിയില്ലെങ്കില്‍ നിയമസഭ പിരിച്ചുവിടാന്‍ ബി.ജെ.പി ആലോചിക്കുന്നുണ്ട്. എന്നാല്‍ ഒരു കാരണവശാലും സഭ പിരിച്ചുവിടരുതെന്ന് കോണ്‍ഗ്രസ് ഗവര്‍ണറോട് ആവശ്യപ്പെടും.